*കീടനാശിനി പ്രയോഗം മൂലമാണെന്ന് ആരോപണം *കൃഷിവകുപ്പ് അധികൃതരെത്തി സാമ്പിൾ ശേഖരിച്ചു വൈത്തിരി: തേയിലത്തോട്ടത്തിലെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് നാലു സ്ത്രീ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാരിസൺസ് മലയാളം പ്ലാേൻറഷെൻറ കീഴിലുള്ള പൊഴുതന അച്ചൂർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പൊഴുതന സ്വദേശിനി ശ്രീദേവി (47)യെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പൊഴുതന സ്വദേശിനികളായ റംലത്ത് (40,) ആമിന (34,) നസീമ (36 ) എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചത്. എസ്റ്റേറ്റിൽ തേയില നുള്ളുന്ന തൊഴിലാളികളാണിവർ. രാവിലെ പണിക്കിടെ തലകറക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് എസ്റ്റേറ്റ് ജീവനക്കാർ തന്നെയാണ് ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് റംലത്ത്, ആമിന, നസീമ എന്നിവരെ മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെപറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് നിരവധിയാളുകൾ ആശുപത്രി പരിസരത്തു തടിച്ചുകൂടി. കഴിഞ്ഞ കുറെ നാളുകളായി എസ്റ്റേറ്റിൽ ജനവാസ കേന്ദ്രത്തിന് സമീപം കീടനാശിനി പ്രയോഗം വ്യാപകമാണെന്ന പരാതിയുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് ഇതേ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് വിഷബാധയേറ്റതിനെ തുടർന്ന് കീടനാശിനി പ്രയോഗം നിർത്തിവെച്ചിരുന്നു. ലൈം സൾഫർ എന്ന കീടനാശിനിയാണ് പ്രയോഗിച്ചതെന്നു എസ്റ്റേറ്റ് ജീവനക്കാർ പറയുമ്പോഴും മാരകമായ മരുന്നാണ് ഉപയോഗിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. തേയിതോട്ടത്തിലെ പ്രാണികളെയും മറ്റു ജീവികളെയും കളയാനാണ് കീടനാശിനി തളിക്കുന്നത്. സാധാരണയായി ഇത് തളിച്ച് കുറച്ചുദിവസം കഴിഞ്ഞശേഷമാണ് ആ ഭാഗത്ത് തേയില നുള്ളാൻ പോകാറുള്ളതെന്നും എന്നാൽ, ചൊവ്വാഴ്ച കീടനാശിനി തളിക്കുന്നതിെൻറ സമീപത്തെ തേയില നുള്ളേണ്ടി വന്നതായും തൊഴിലാളികൾ പറഞ്ഞു. സ്ത്രീത്തൊഴിലാളികൾ ആശുപത്രിയിലായതോടെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. പ്രതിഷേധത്തെതുടർന്ന് കൃഷിമന്ത്രിയുടെ നിർദേശപ്രകാരം കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ പുഷ്ക്കരൻ, സുധീഷ് എന്നിവരും ജില്ല അഗ്രിക്കൾചർ ഒാഫിസർ ഡോ. അനിൽകുമാറും സ്ഥലത്തെത്തി പരിശോധന നടത്തി. ലൈം സൽഫർ മാത്രമാണ് തോട്ടത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും തോട്ടം ഒാർഗാനിക് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. ലൈം സൾഫറിനൊപ്പം മറ്റേതെങ്കിലും കീടനാശിനി ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കാനായി സാമ്പിളും ശേഖരിച്ചു. തോട്ടം തൊഴിലാളികൾക്കും നാട്ടുകാർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതും ജീവൻ തന്നെ അപകടത്തിലാക്കുന്നതുമായ മാരകമായ വിഷപ്രയോഗം നടത്തിയ കമ്പനി അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് വയനാട് എസ്റ്റേറ്റ് ലേബർ യൂനിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി. ഗഗാറിൻ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിൽ വിഷമയമായ കീടനാശിനികൾ പ്രയോഗിച്ചു ജനജീവിതം അപകടത്തിലാക്കുന്ന എസ്റ്റേറ്റ് അധികൃതർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യുസി വൈത്തിരി മണ്ഡലം പ്രസിഡൻറ് ആർ. രാമചന്ദ്രൻ സർക്കാരിനോടാവശ്യപ്പെട്ടു. അതേസമയം, ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാത്ത ൈലം സൾഫർ മാത്രമാണ് വർഷങ്ങളായി ഉപയോഗിച്ചുവരുന്നതെന്നും ഇതുവരെ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും എസ്റ്റേറ്റ് അധികൃതർ അറിയിച്ചു. തൊഴിലാളികൾക്കെല്ലാം ഇനി മുതൽ മാസ്ക് നൽകുമെന്നും ഇവർ പറഞ്ഞു. MUST TUEWDL13 ദേഹാസ്വാസ്ഥ്യത്തെതുടർന്ന് സ്ത്രീ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ MUST TUEWDL14 തേയില തോട്ടത്തിൽ തളിക്കാനായി ലായനി തയാറാക്കുന്നു എസ്.എഫ്.ഐ വിദ്യാർഥി പ്രതിരോധം; 'കാമ്പസുകളിൽ രാഷ്ട്രീയം അനിവാര്യം' കൽപറ്റ: നിരോധനങ്ങൾക്കാവില്ല കലാലയങ്ങളെ തോൽപ്പിക്കാൻ എന്ന മുദ്രാവാക്യമുയർത്തി കാമ്പസുകളിലെ വിദ്യാർഥി രാഷ്ട്രീയ നിരോധനത്തിനെതിരെ എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം വേണ്ടന്ന ഹൈകോടതി നിലപാടിനെ തുടർന്നാണ് എസ്.എഫ്.ഐ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചത്. ഹൈകോടതി നിലപാട് സംസ്ഥാനത്തെ വിദ്യാഭ്യാസ കച്ചവടക്കാർക്കും വിദ്യാർഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മാനേജ്മെൻറുകൾക്ക് ഏറെ ആവേശമുണ്ടാക്കുന്നതാണ്. അതോടൊപ്പം ജനാധിപത്യവിരുദ്ധവും വിദ്യാർഥികളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റവുമാണ്. കാമ്പസ് ജനാധിപത്യം വിദ്യാർഥികളുടെ മൗലികാവകാശമാണെന്നും പ്രതികരണ ശേഷിയുള്ള ഒരു സമൂഹത്ത വാർത്തെടുക്കാൻ കലാലയങ്ങളിൽ വിദ്യാർഥി രാഷ്ട്രീയം അനിവാര്യമാണെന്നും ഇല്ലെങ്കിൽ കാമ്പസുകളിൽ ഇനിയും ജിഷ്ണു പ്രണോയിമാർ സൃഷ്ടിക്കപ്പെടുമെന്നും എസ്.എഫ്.ഐ അഭിപ്രായപ്പെട്ടു. കൽപറ്റ വിജയ പമ്പ് പരിസരത്ത് ചൊവ്വാഴ്ച രാവിലെ 11മണി മുതൽ മൂന്നു മണി വരെ നീണ്ടു നിന്ന വിദ്യാർഥി പ്രതിരോധം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഖദീജത്ത് സുഹൈല ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. എൻ.എസ്. വൈഷ്ണവി, അനൂപ്, സീസർ ജോസ് എന്നിവർ സംസാരിച്ചു. എസ്.എഫ് ഐ ജില്ല സെക്രട്ടറി ജോബിസൺ ജെയിംസ് സ്വാഗതവും കെ.എസ്. വിഷ്ണു നന്ദിയും പറഞ്ഞു. TUEWDL15 എസ്.എഫ്.ഐ വിദ്യാർഥി പ്രതിരോധം കേന്ദ്ര കമ്മിറ്റി അംഗം ഖദീജത്ത് സുഹൈല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.