താമരശ്ശേരി: സംസ്ഥാനത്തെ 1072ഓളം സി.ഡി.എസ് അക്കൗണ്ടൻറുമാരുടെ വേതനവർധനയിൽ വെള്ളം ചേർത്ത് ധനവകുപ്പ്. 2009 മുതലുള്ള അക്കൗണ്ടൻറുമാർക്ക് നിലവിലുള്ള 8000 രൂപയിൽനിന്ന് 16,000 രൂപയായും 2013 മുതലുള്ളവർക്ക് 15,000 രൂപയായും ജനുവരിയിൽ വർധിപ്പിച്ചിരുന്നു. ഈ തീരുമാനം പിറ്റേന്നുതന്നെ വകുപ്പു മന്ത്രി വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചു. എന്നാൽ, നാലു മാസം പിന്നിട്ടിട്ടും ഉത്തരവിറങ്ങാത്തത് അന്വേഷിച്ചപ്പോഴാണ് വർധന 12,000 രൂപയാക്കി വെട്ടിച്ചുരുക്കി ഉത്തരവിറക്കാനുള്ള ധനകാര്യവകുപ്പിെൻറ നീക്കമറിയുന്നത്. 2009ലെ ഇടതു സർക്കാർ ബി.കോം ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തിയാണ് 5000 രൂപ ഒാണറേറിയം നിരക്കിൽ സി.ഡി.എസ് അക്കൗണ്ടൻറുമാരെ നിയമിച്ചത്. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാർ 2013ൽ മുഴുവൻ പേരെയും പിരിച്ചുവിട്ടു. ഇതേ യോഗ്യതകളോടെ അപേക്ഷ സ്വീകരിച്ച് എഴുത്തുപരീക്ഷയും ഇൻറർവ്യൂവും നടത്തിയാണ് നിലവിലുള്ളവരെ നിയമിച്ചത്. 1000 രൂപ മാത്രമാണ് അന്ന് ശമ്പളം കൂട്ടിയത്. പിന്നീട് നിരന്തര ഇടപെടലുകളുടെ ഭാഗമായി 2015ൽ 2000 രൂപ വർധിപ്പിച്ച് ശമ്പളം 8000 രൂപയാക്കി. സി.പി.എം നേതാക്കളായ ടി.എൻ. സീമ, സി.എസ്. സുജാത, വിവിധ വകുപ്പ് സെക്രട്ടറിമാർ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് കഴിഞ്ഞ ജനുവരിയിൽ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചത്. നിയമസഭയിൽ കെ. രാജൻ ഇൗ വിഷയത്തിൽ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചപ്പോൾ ശമ്പളം വെട്ടിക്കുറക്കില്ലെന്ന മറുപടിയാണ് മന്ത്രി നിയമസഭയിലും നൽകിയത്. കോഴിക്കോട് നടന്ന അക്കൗണ്ടൻറുമാരുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ ഇന്നത്തെ ൈപ്രവറ്റ് സെക്രട്ടറി എം. വിജയരാജനും ഗവേണിങ് ബോഡി തീരുമാനം നടപ്പാക്കുമെന്ന് അക്കൗണ്ടൻറുമാർക്ക് ഉറപ്പുനൽകിയതാണ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൺവെൻഷനിൽ പി.കെ. ശ്രീമതി എം.പിയും മികച്ച രീതിയിൽ ശമ്പളം വർധിപ്പിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, സകല വാഗ്ദാനങ്ങളും തള്ളിയാണ് ധനവകുപ്പ് കുടുംബശ്രീ അക്കൗണ്ടൻറുമാരുടെ ശമ്പളത്തിൽ കൈയിട്ടുവാരാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.