ഫറോക്ക്: കടലുണ്ടി മണ്ണൂരിലെ കേരള ജല അതോറിറ്റി ഓഫിസിൽ ജപ്പാൻ പദ്ധതി അപേക്ഷ ഫോറം വാങ്ങാനെത്തിയവർ വലഞ്ഞു. കാത്തിരിപ്പിനൊടുവിൽ ഫോറം ലഭിക്കാതെ ഒട്ടേറെപേർ നിരാശരായി മടങ്ങി. മണ്ണൂർ ഓഫിസിൽ കടലുണ്ടി പഞ്ചായത്തിലുള്ളവർക്ക് പുറമെ ഫറോക്ക് നഗരസഭയിലുള്ളവർക്കും വീട്ടുകണക്ഷനുള്ള ഫോറം വിതരണം ചെയ്യുന്നുണ്ടെന്ന പ്രചാരണത്തിെൻറ അടിസ്ഥാനത്തിൽ മണ്ണൂരിലെത്തി കാത്തിരുന്ന സ്ത്രീകളും മുതിർന്നവരുമുൾപ്പെടെയുള്ള നിരവധി പേരാണ് ദുരിതത്തിലായത്. വ്യാഴാഴ്ച പുലർച്ചയോടെതന്നെ നിരവധിപേർ വരിയിൽ കാത്തിരിപ്പു തുടങ്ങിയിരുന്നു. 10 മണിയോടെ ഫറോക്കിലെയും കടലുണ്ടിയിലെയും ആളുകളുടെ തിരക്ക് വർധിച്ചു. പിന്നീടാണ് ഫോറം വിതരണം ചെയ്യുന്നത് കടലുണ്ടി പഞ്ചായത്തിലുള്ളവർക്ക് മാത്രമാണെന്ന അറിയിപ്പുണ്ടായത്. പൊരിവെയിലത്ത് വരിയിൽ നിന്നവർ പലരും ഏറെ വൈകിയാണ് സംഭവമറിഞ്ഞത്. അപ്പോഴേക്കും പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി എത്തിയ വീട്ടമ്മമാരും തളർന്നിരുന്നു. മാസങ്ങൾക്കുമുമ്പുതന്നെ തുടങ്ങിയതാണ് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണം. മണ്ണൂർ പഴയ ബാങ്കിനു മുൻവശമുള്ള കേരള ജല അതോറിറ്റി ഓഫിസിൽ വെച്ച് കരുവൻതിരുത്തി ഫറോക്ക് പ്രദേശത്തുകാർക്കുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വീട്ടുകണക്ഷൻ അപേക്ഷവിതരണം വ്യാഴാഴ്ച നടക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇതനുസരിച്ച് എത്തിയപ്പോഴാണ് ഫറോക്കുകാർക്ക് ഫോറം നൽകുന്നില്ലെന്നും കടലുണ്ടി പഞ്ചായത്തുകാർക്ക് മാത്രമാണെന്നും അറിഞ്ഞത്. എന്നാൽ, ഏറെനേരം കാത്തിരുന്ന കടലുണ്ടി പഞ്ചായത്തിലുള്ള ഒട്ടേറെ പേർക്കും ഫോറം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.