ഓഫിസ്​ കെട്ടിട നിർമാണം: ആയഞ്ചേരിയിൽ വിവാദം പുകയുന്നു

ആയഞ്ചേരി: പുറ്റാംപൊയിൽ ജുമുഅത്ത് പള്ളിക്കു സമീപം കെട്ടിടം നിർമിക്കാനുള്ള ശ്രമം തർക്കത്തിന് കാരണമായി. ഹിഫാളത്തുസുന്ന അസോസിയേഷനാണ് പള്ളിക്കടുത്തുള്ള നടുപുത്തലത്ത് പറമ്പിൽ ഓഫിസ് കെട്ടിടം നിർമിക്കാൻ ശ്രമംനടത്തുന്നത്. കെട്ടിട നിർമാണത്തിന് ലഭിച്ച അനുമതി യു.ഡി.എഫ് ഭരിക്കുന്ന ആയഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗം റദ്ദാക്കിയതോടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി. എന്നാൽ, പള്ളി നിർമാണത്തിനാണ് മറുഭാഗത്തി​െൻറ ശ്രമമെന്നും ഇത് വിശ്വാസികൾക്കിടയിൽ സ്പർധ വളർത്താനിടയാക്കുമെന്നും മഹല്ല് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 2013ലാണ് എൻ.ഒ.സി കിട്ടിയതിനെ തുടർന്ന് നടുപുത്തലത്ത് പറമ്പിൽ കെട്ടിടം നിർമിക്കാൻ ശ്രമംതുടങ്ങിയത്. ഇതിനായി പില്ലർ നിർമാണത്തിനുള്ള കുഴിയെടുത്തു. കെട്ടിട നിർമാണം ഭാവിയിൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നു കണ്ടതോടെ ഇരുവിഭാഗവും ചർച്ച നടത്തി നിർമാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്താൻ തീരുമാനിച്ചു. എന്നാൽ, ഇത് യാഥാർഥ്യമായില്ല. ഇതിനിടെ, ചില തർക്കങ്ങളുണ്ടായെങ്കിലും വേഗം കെട്ടടങ്ങി. നിയമം മാറിയതിനെ തുടർന്ന് ഇക്കഴിഞ്ഞ നവംബറിൽ പുതിയ പ്ലാൻ പ്രകാരം കെട്ടിട നിർമാണത്തിന് പുതിയ അപേക്ഷ നൽകി. പഞ്ചായത്ത് സെക്രട്ടറി നൽകിയ നിർമാണാനുമതി ഭരണസമിതി റദ്ദാക്കിയതോടെ വിവാദം രൂക്ഷമായി. ഇതിൽ പ്രതിഷേധിച്ച് ഹിഫാളത്തുസുന്ന അസോസിയേഷൻ ആയഞ്ചേരിയിൽ സംഘടിപ്പിച്ച സർവകക്ഷി യോഗം എസ്.വൈ.എസ് ജില്ല സെക്രട്ടറി മുനീർ സഖാഫി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിലർ യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. ഹിഫാളത്തുസുന്ന അസോസിയേഷ​െൻറ സ്ഥലത്ത് കെട്ടിടം നിർമിക്കാൻ ആവശ്യമായ നടപടി സർക്കാർ ചെയ്തുകൊടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ വി.ടി. ബാലൻ, ടി.വി. കുഞ്ഞിരാമൻ (സി.പി.എം), കെ.കെ. നാരായണൻ (എൻ.സി.പി), വള്ളിൽ ശ്രീജിത്ത് (കോൺ-^എസ്), സി.എച്ച്. ഹമീദ് (ഐ.എൻ.എൽ), മുത്തു തങ്ങൾ (എസ്.ഡി.പി.ഐ), സഅദുല്ല സഖാഫി, റസാഖ് കനോത്ത് എന്നിവർ സംസാരിച്ചു. എന്നാൽ, കെട്ടിടം നിർമിക്കുന്നതിനു പിന്നിൽ വിശ്വാസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് മഹല്ല് പ്രസിഡൻറ് കിഴക്കയിൽ മൂസ ഹാജി, സെക്രട്ടറി കേളോത്ത് കുഞ്ഞബ്ദുല്ല എന്നിവർ പറഞ്ഞു. അതേസമയം, പ്രദേശത്ത് മറ്റൊരു സംഘടന സജീവമാകുന്നതിലുണ്ടാകുന്ന ഭയമാണ് കെട്ടിടം നിർമാണത്തെ എതിർക്കുന്നതിനു പിന്നിലെന്ന് അസോസിയേഷൻ സെക്രട്ടറി റസാഖ് കനോത്ത് പറഞ്ഞു. കുടുംബസഹായ ഫണ്ട് തിരുവള്ളൂർ: രാജസ്ഥാനിൽ ഗോരക്ഷക ഗുണ്ടകളാൽ കൊല്ലപ്പെട്ട ക്ഷീരകർഷകൻ പെഹ്ലുഖാ​െൻറ കുടുംബത്തെ സഹായിക്കാൻ കർഷകസംഘം ഏരിയ കമ്മിറ്റി സ്വരൂപിച്ച 41,035 രൂപ ഏരിയ സെക്രട്ടറി ടി.പി. ദാമോദരൻ ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെ ഏൽപിച്ചു. ടി.കെ. ശാന്ത അധ്യക്ഷത വഹിച്ചു. സി. ഭാസ്കരൻ, ടി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.