വരൾച്ചയും രോഗബാധയും: പശുക്കൾ ചത്തൊടുങ്ങുന്നു; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

തണ്ണീർപന്തൽ: കടുത്ത വരൾച്ചയും കുടിവെള്ളക്ഷാമവും അതിജീവിക്കാനാവാതെ പശുക്കൾ കൂട്ടമായി ചത്തൊടുങ്ങുന്നത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. പുറമേരി പഞ്ചായത്തിലെ വിലാതപുരം, എളയടം മേഖലകളിലെ പ്രാച്ചേരി മാമി, നരിക്കോള്ളതിൽ നാണു, ആണിച്ചേരി അമ്മദ് എന്നിവരുടെ പശുക്കളാണ് അടുത്ത ദിവസങ്ങളിലായി ചത്തത്. പ്രാച്ചേരി മാമിയുടെ പശു പൂർണ ഗർഭിണിയായിരുന്നു. വരൾച്ചക്കു പുറമെ അത്യാവശ്യ സമയത്ത് ചികിത്സ കിട്ടാത്തതും മരണകാരണമായി പറയുന്നു. നാദാപുരം മൃഗാശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ ക്ഷീരകർഷകർ പുറമേരി മൃഗാശുപത്രിയെ ആശ്രയിച്ചിരുന്നു. ഇവിടത്തെ വെറ്ററിനറി സർജൻ പശുക്കളെ ചികിത്സിക്കാൻ വരാൻ കൂട്ടാക്കിയില്ല. ഡോക്ടറുടെ സേവനം ലഭിച്ചിരുന്നെങ്കിൽ പശു രക്ഷപ്പെടുമായിരുന്നുവെന്ന് പറയന്നു. ഇതുസംബന്ധിച്ച് ഡോക്ടർക്കെതിരെ മേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. സമീപ പഞ്ചായത്തായ ആയഞ്ചേരി കീരിയങ്ങാടി മൃഗസംരക്ഷണ ഉപ കേന്ദ്രത്തിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറാണ് പ്രതിസന്ധിഘട്ടങ്ങളിൽ ഓടിയെത്താറുള്ളതെന്ന് നാട്ടുകാർ പറയുന്നു. കനത്ത വെയിലിൽ പച്ചപ്പുല്ല് ഇല്ലാത്തതും പശുവിനെ ബാധിക്കുന്ന വിവിധ രോഗങ്ങളും കർഷകരെ പ്രയാസപ്പെടുത്തുന്നു. വയ്ക്കോലിനും കാലിത്തീറ്റക്കും വില കൂടിയതുമൂലം കർഷകർ കഷ്ടപ്പെടുകയാണ്. ഈ മേഖലയിൽ പ്രതിസന്ധി തുടരുകയാണെങ്കിൽ വേറെ മാർഗം നോക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു. പ്രതിസന്ധിയിൽനിന്ന് കരകയറാൻ സർക്കാറി​െൻറ ഭാഗത്തുനിന്ന് അടിയന്തര നടപടികളുണ്ടാവണമെന്നും വരൾച്ച ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഫോട്ടോ chatha pasu1 chatha pasu 2 രോഗബാധയെ തുടർന്ന് ചത്ത പശുക്കൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.