കോഴിക്കോട്: പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മേയ് 23, 28 തീയതികളിൽ ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറിേൻറയും ജില്ല കലക്ടറുടേയും നേതൃത്വത്തിൽ വിളിച്ചുചേർത്ത തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. ഡെങ്കിപ്പനിയും വൈറൽ പനിയും മുൻവർഷത്തെ അപേക്ഷിച്ച് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് തലങ്ങളിൽ ശക്തമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ആവശ്യപ്പെട്ടു. വീട്ടുവളപ്പിലെ മാലിന്യം വീട്ടുകാരുടെതന്നെ പങ്കാളിത്തത്തോടെ നീക്കം ചെയ്യണം. കൊതുകുകൾ പെരുകാനുള്ള സാധ്യത ഇല്ലാതാവണം. ഇതിനുപുറമെ ഓരോ പഞ്ചായത്തുകളും രണ്ട് കുളങ്ങളെങ്കിലും വൃത്തിയാക്കാൻ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ, ആശ പ്രവർത്തകർ, സാക്ഷരത പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയ വിഭാഗങ്ങൾ ശുചിത്വ യജ്ഞത്തിൽ പങ്കാളികളാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി 25,000 രൂപ നീക്കിവെച്ചിട്ടുണ്ട്. തുക അഡ്വാൻസായി നൽകാൻ നടപടിയെടുത്തതായി ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. മഴക്കാല പൂർവ ശുചീകരണത്തെക്കുറിച്ച് വേണ്ടത്ര ഗൗരവവും ശ്രദ്ധയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ നാട്ടുപ്രദേശങ്ങളോടൊപ്പം പുഴ, തോട്, കുളങ്ങൾ, കനാലുകൾ എന്നിവയും ശുചിയാക്കി നീരൊഴുക്ക് സാധ്യമാക്കാനുള്ള നടപടികളുണ്ടാവണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പ്രത്യേകം താൽപര്യമെടുക്കണമെന്നും കലക്ടർ പറഞ്ഞു. ഡി.എം.ഒമാരായ ഡോ. ആശാദേവി, ഡോ. ഷെർലി, ഡോ. കവിത പുരുഷോത്തമൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.പി. സുരേഷ്, ശുചിത്വമിഷൻ കോഒാഡിനേറ്റർ കെ.പി. വേലായുധൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.