വാസു മാസ്റ്റർ: നിലച്ചത് കടലുണ്ടിയുടെ ഘനഗംഭീര ശബ്ദം കടലുണ്ടി: കുണ്ടിൽ വാസു മാസ്റ്ററുടെ നിര്യാണത്തോടെ നിലച്ചത് കടലുണ്ടിയുടെ ഘനഗംഭീര ശബ്ദം. ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന സംസാരത്തിലൂടെ, വികസനമെത്തിക്കാൻ സ്ഥാനമാനങ്ങളൊന്നും വേണ്ടെന്നു തെളിയിച്ച കുണ്ടിൽ വാസു മാസ്റ്റർ ഇനി കടലുണ്ടിക്കാരോടൊപ്പമില്ല. സ്കൂൾ കാലം തൊട്ടേ ഖദറണിഞ്ഞ് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രതീകമായി അദ്ദേഹം ജീവിച്ചു. സ്വന്തമായി അധികാരസ്ഥാനങ്ങളിലൊന്നും എത്തിയില്ലെങ്കിലും പാർട്ടി വേദികളിൽ വാദിച്ച് സ്വന്തം നാടിനുവേണ്ടി പല വികസന പ്രവർത്തനങ്ങളും എത്തിച്ചു. കടലുണ്ടിയിലെ വിവിധ പാലങ്ങൾ, കുടിവെള്ള പദ്ധതികൾ, പക്ഷിസങ്കേതം തുടങ്ങിയവയൊക്കെ വാസു മാസ്റ്ററുടെ കൈയൊപ്പ് ചാർത്തിയവയാണ്. ലീഡർ കെ. കരുണാകരനുമായും മകൻ കെ. മുരളീധരനുമായും അദ്ദേഹത്തിനുള്ള അടുപ്പം ഏറെ പ്രയോജനപ്പെടുത്തിയത് നാട്ടുകാരാണ്. സ്വന്തം ആവശ്യത്തിനായി അദ്ദേഹം ബന്ധങ്ങളൊന്നും ഉപയോഗിച്ചില്ല. വ്യക്തിജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടപ്പോഴും തെൻറ ആദർശവും ലാളിത്യവും കൈവിട്ടില്ല. ഫറോക്ക് പുറ്റേക്കാട് എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച മാസ്റ്ററുടെ 80ാം ജന്മവാർഷികം നാട്ടുകാർ ഒന്നിച്ചാണ് ആഘോഷിച്ചത്. ഒരു തെരഞ്ഞെടുപ്പു കാലത്ത് വീണു പരിക്കേറ്റ അദ്ദേഹത്തിന് ശിഷ്ടകാലം വൈകല്യത്തോടെ ജീവിക്കേണ്ടിവന്നു. മികച്ച പൊതുപ്രവർത്തകനെന്ന നിലക്ക് നവധാര കടലുണ്ടിയുടെ ആദരവും അദ്ദേഹം നേടിയിട്ടുണ്ട്. ഏതാനും മാസങ്ങളായി കിടപ്പിലായെങ്കിലും മരണംവരെ പൊതുകാര്യങ്ങളിൽ ശ്രദ്ധപുലർത്തി. കഴിഞ്ഞ ദിവസം കടലുണ്ടി ഏറെ ചർച്ചചെയ്ത കോട്ടക്കടവ് മദ്യശാല സമരപരിപാടികളിലടക്കം തെൻറ അഭിപ്രായം രേഖപ്പെടുത്തി സാന്നിധ്യമറിയിച്ചു. ഒട്ടേറെ പാർട്ടി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം മരിക്കുമ്പോൾ കടലുണ്ടി പഞ്ചായത്ത് അഗ്രികൾചറിസ്റ്റ് വർക്കേഴ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറായിരുന്നു. മരണവിവരമറിഞ്ഞ് പ്രമുഖരടക്കം ഒട്ടേറെ പേർ ആദരാഞ്ജലിയർപ്പിക്കാൻ ഇടച്ചിറയിലെ 'സൗമ്യം' വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.