കൊടുവള്ളി: പുതിയ അധ്യയനവർഷം തുടങ്ങാറായിട്ടും സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ പഠിച്ച ആയിരക്കണക്കിന് അപേക്ഷകർക്ക് സ്കോളർഷിപ് തുക ലഭിച്ചില്ല. 2016-17 വർഷം അപേക്ഷ ഓൺലൈനായാണ് നൽകിയത്. ഇതുപ്രകാരം പ്രീമെട്രിക് (ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക്), പോസ്റ്റ് മെട്രിക് (പതിെനാന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്നവർ), മെറിറ്റ് കം മീൻസ് (ഡിഗ്രി തലം മുതൽ), ഇ-ഗ്രാൻറ് (പതിനൊന്നാം ക്ലാസ് മുതൽ) തുടങ്ങി വിവിധ സ്കോളർഷിപ്പുകൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇൻറർനെറ്റ് കഫേകൾ വഴിയും അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഒമ്പതോളം അനുബന്ധ രേഖകൾ സഹിതം വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജില്ലതലത്തിലും സ്റ്റേറ്റ് തലത്തിലുമുള്ള വെരിഫിക്കേഷൻ പൂർത്തിയായതായി രക്ഷിതാക്കൾക്ക് കഴിഞ്ഞ ജനുവരിയിൽ മെസേജ് വന്നതല്ലാതെ പണം അക്കൗണ്ടുകളിലെത്തിയിട്ടില്ല. കൂടാതെ എൻട്രൻസ് കോച്ചിങ്ങിന് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക ക്ഷേമ കോർപറേഷൻ 30,000 രൂപ വീതം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെൻറ് പ്രോഗ്രാം (ഇ.ഇ.പി) സ്കോളർഷിപ് തുകയും അപേക്ഷകർക്ക് ലഭിച്ചിട്ടില്ലത്രെ. ഡിപ്ലോമ, പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രഗതി സാക്ഷം പദ്ധതി പ്രകാരമുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനും കഴിഞ്ഞ അധ്യയനവർഷം അപേക്ഷ സമർപ്പിച്ചവർ പണം എന്നു ലഭിക്കുമെന്നറിയാതെ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.