കോഴിക്കോട്: നഗരത്തിെൻറ ചരിത്രത്തിലെ മൂന്നാമത് മാസ്റ്റർ പ്ലാൻ മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിലുള്ള ജോയൻറ് ടൗൺ പ്ലാൻ കമ്മിറ്റി ഭേദഗതികളോടെ അംഗീകരിച്ചു. സർക്കാർ അംഗീകാരംകൂടി ലഭിച്ചാൽ മാസ്റ്റർ പ്ലാൻ നടപ്പാകും. 2016 സെപ്റ്റംബറിൽ തദ്ദേശമന്ത്രി കെ.ടി. ജലീൽ പുറത്തിറക്കിയ 2015-35 കാലത്തേക്കുള്ള കോഴിക്കോട് അർബൻ ഏരിയ മാസ്റ്റർ പ്ലാൻ കരട് രേഖക്കാണ് മേയറുടെ ചേംബറിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. നാട്ടുകാരുടെ പരാതികളും 1285 അഭിപ്രായങ്ങളും പരിഗണിച്ചാണ് രേഖ അംഗീകരിച്ചത്. ഇതുപ്രകാരം ഞെളിയൻപറമ്പ് വിപുലീകരിക്കാനുള്ള പദ്ധതി, വേങ്ങേരിയിൽ ഫുട്ബാൾ സ്േറ്റഡിയം നിർമാണം, എലത്തൂരിൽ കൺവെൻഷൻ സെൻറർ നിർമിക്കൽ, ചേവരമ്പലത്ത് വിദ്യാഭ്യാസ സമുച്ചയം എന്നിവ ഉപേക്ഷിച്ചു. ജനവാസ കേന്ദ്രങ്ങളിലാണെന്നതും തണ്ണീർത്തടങ്ങൾ നികത്തേണ്ടിവരുമെന്നതുമടക്കം വിവിധ പരാതികൾ പരിഗണിച്ചാണ് ഇവ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കനോലി കനാലിെൻറ മധ്യത്തിൽ നിന്ന് 10.5 മീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കാൻ മാസ്റ്റർ പ്ലാൻ നിർദേശിക്കുന്നു. കനോലി കനാൽ 30 മീറ്ററിൽ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയുണ്ടെങ്കിലും മാസ്റ്റർ പ്ലാനിൽ പ്രത്യേക പരാമർശമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കോഴിക്കോട് കോർപറേഷൻ, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റി, ഒളവണ്ണ, കടലുണ്ടി ഗ്രാമ പഞ്ചായത്തുകൾ എന്നിവയടക്കം177.09 സ്ക്വയർ കിലോമീറ്ററോളം ഭാഗത്താണ് മാസ്റ്റർ പ്ലാൻ നടപ്പാക്കുക. 36 കൊല്ലം മുമ്പ് 1980ൽ കാലിക്കറ്റ് െഡവലപ്മെൻറ അതോറിറ്റി തയാറാക്കിയ മാസ്റ്റർ പ്ലാൻ 2011ൽ കാലഹരണപ്പെട്ടിരുന്നു. നഗരത്തിൽ നിലവിലുള്ള യാത്രാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ മാസ്റ്റർ പ്ലാനിൽ മുൻതൂക്കം നൽകുന്നത്. അഞ്ച് മേഖലകൾ േകന്ദ്രീകരിച്ചുള്ള ഹൈസ്പീഡ് ബസ് റൂട്ടുകളടക്കം വിഭാവനം ചെയ്യുന്നതാണ് മാസ്റ്റർ പ്ലാൻ. ജോയൻറ് ടൗൺ പ്ലാൻ കമ്മിറ്റി മെംബർ സെക്രട്ടറി കെ.വി. അബ്ദുൽ മാലിക്കും ബന്ധപ്പെട്ട പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രതിനിധികളും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.