കൊടുവള്ളി: വ്യാഴാഴ്ച രാവിലെ പടനിലം -നരിക്കുനി റൂട്ടിൽ പടനിലം പാലത്തിന് മുകളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്രചെയ്ത പത്ത് വയസ്സുകാരിയായ മദ്റസ വിദ്യാർഥിനി മരിക്കാനും മറ്റ് രണ്ടു പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ സംഭവത്തിൽ കാർ ഓടിച്ച യുവതിയെ ഇതുവരെയും കണ്ടെത്താനായില്ല. സംഭവം നടന്നയുടൻ യുവതി സ്ഥലത്തുനിന്ന് അപ്രത്യക്ഷയായിരുന്നു. യുവതിക്കൊപ്പം കാറിൽ മറ്റൊരാൾ ഉണ്ടായിരുന്നതായും പടനിലം ജങ്ഷനിലെ ഡിവൈഡറിൽ കാർ തൊട്ടുമുമ്പ് തട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ, സ്ത്രീയെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത അപകടത്തിൽപെട്ട കെ.എൽ 58 ഡി 3355 നമ്പർ കാറിെൻറ ഉടമ താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയാണെന്ന് കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഓഫിസിൽനിന്ന് വ്യക്തമായിട്ടുണ്ട്. കാർ ഓടിച്ച യുവതി ബാലുശ്ശേരി സ്വദേശിയാണെന്നായിരുന്നു അപകടം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നാട്ടുകാരോട് പറഞ്ഞത്. മത്സ്യ കച്ചവടക്കാരനായ കുന്ദമംഗലം മുപ്രമ്മൽ റഷീദിെൻറ മകൾ ഫിനു ഫാത്തിമയാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അമ്മാവൻ അഫ്സലും സഹോദരി ഫിദ ഫാത്തിമയും പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.