കോഴിക്കോട്: മുട്ടയും കാർഡ്ബോർഡും ചേർത്തു തയാറാക്കിയ കുഞ്ഞു താജ്മഹൽ, ചിരട്ടയിലും വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറിലും അടക്കത്തോടിലും തീർത്ത പൂപ്പാത്രങ്ങൾ, തുണിയും പേപ്പറും ചേർത്തുണ്ടാക്കിയ കുഞ്ഞുപാവക്കുട്ടികൾ, മുത്തുകൾ കോർത്ത ബാഗും പൂപ്പാത്രവും, കുഞ്ഞുടുപ്പ്, പിന്നെ സോപ്പ്, സോപ്പുപൊടി, മൃദുലതയുള്ള തലയണ, മാലയും വളയും ചേർന്ന ആഭരണ സെറ്റ്, ഒപ്പം ചക്ക ഉപ്പേരി, മാങ്ങ അച്ചാർ, അങ്ങനെയങ്ങനെ ഒരുപാടു സാധനങ്ങൾ വിൽപനക്കുവെച്ചിരിക്കുന്നു. ഇവ തയാറാക്കിയ കുട്ടികളും ഒപ്പമിരിക്കുന്നുണ്ട്. വർണാഭമായ കൗതുകവസ്തുക്കൾ വെറുതെ കാണാനെത്തുന്നവർ ഇതിൽ ചിലത് വാങ്ങുമ്പോൾ സന്തോഷം വിടരും ആ മുഖങ്ങളിൽ. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്കുള്ള സ്പെഷൽ എംപ്ലോയീസ് മീറ്റിെൻറ ഭാഗമായാണ് ടാഗോർഹാളിൽ അവർ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടന്നത്. സംസ്ഥാനത്തെ വിവിധ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള മാനസിക വെല്ലുവിളിനേരിടുന്ന വിദ്യാർഥികളാണ് ഇവർ. ഒപ്പം വിവിധ പ്രദേശങ്ങളിൽ മാനസികവെല്ലുവിളി നേരിടുന്നവർക്കായി നടത്തുന്ന സ്വയംതൊഴിൽ സംഘങ്ങളുടെയും ഉൽപന്നങ്ങൾ പ്രദർശനത്തിനുണ്ട്. സംസ്ഥാനത്തെ മുപ്പതോളം സ്കൂളുകളിൽനിന്നുള്ള കുട്ടികൾ തങ്ങളുടെ ഉൽപന്നങ്ങൾ വിൽപനക്കുവെച്ചിട്ടുണ്ട്. സമീപത്തായി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും വ്യക്തികളെയും കുറിച്ച് പത്രമാധ്യമങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ച വാർത്തകളും ഫീച്ചറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. തിക്കോടി സ്വദേശിയായ ചങ്ങരോത്ത് യൂസഫാണ് പ്രദർശനം ഒരുക്കിയത്. പ്രദർശനവും വിൽപനയും ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.