കോഴിക്കോട്: മിഠായിതെരുവ് തീപിടിത്തത്തിെൻറ പശ്ചാത്തലത്തിൽ കടകളിൽ ഏർപ്പെടുത്തേണ്ട സുരക്ഷ മുൻകരുതലുകൾ ഈ മാസം 25നകം പൂർത്തിയാക്കണമെന്ന് ജില്ല കലക്ടർ യു.വി. ജോസ്. ജില്ല ദുരന്തനിവാരണ വിഭാഗത്തിെൻറ നേതൃത്വത്തിൽ മിഠായിതെരുവിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാലപ്പഴക്കംചെന്ന വയറിങ് മാറ്റൽ തുടങ്ങിയ പ്രവൃത്തികളാണ് തീർക്കേണ്ടത്. സുരക്ഷ മുൻകരുതലുകൾ ഏർപ്പെടുത്താൻ ഇനിയും സ്ഥാപനങ്ങൾ ശേഷിക്കുന്നുണ്ട്. 25നകം പ്രവൃത്തി പൂർത്തീകരിക്കാത്ത സ്ഥാപനങ്ങളെ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതല്ലെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. ഉയർന്ന കെട്ടിടങ്ങളിൽ ആവശ്യമുള്ള അഗ്നിശമന സംവിധാനം പലതും പ്രവർത്തനക്ഷമമല്ലെന്ന് ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ പറഞ്ഞു. സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന വേളയിൽ പ്രവർത്തനസജ്ജമായിരുന്ന സംവിധാനങ്ങൾ പലതും ഉപയോഗശൂന്യമാണ്. വഴികളിലും കോണിപ്പടികളിലും സാധനങ്ങൾ സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. ചെറിയ അഗ്നിബാധയുണ്ടാകുമ്പോൾ ഉടൻ തീയണക്കുന്നതിനുള്ള ജലലഭ്യത ഉറപ്പുവരുത്തണം. സ്വിച്ച് ബോർഡിന് സമീപത്തും ഇൻവെർട്ടറുകൾക്ക് മുകളിലും സാധനങ്ങൾ സൂക്ഷിക്കുന്നത് അപകടകരമായ നിലയിലാണ്. സ്ഥാപനത്തിലെ ജീവനക്കാർക്കുതന്നെ സ്വിച്ച് ബോർഡുകൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. മെയിൻ സ്വിച്ച് എവിടെയാണെന്നു പോലും ചില കടക്കാർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വിച്ച് ബോർഡുകൾക്ക് ഒരു മീറ്റർ അകലത്തിൽ വരെ തുറസ്സായ സ്ഥലം വേണമെന്ന വ്യവസ്ഥയുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. കടയുടമയുടെ ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്ന് കോർപറേഷൻ അധികൃതർ നിർദേശിച്ചു. കച്ചവടസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തകർക്ക് സുരക്ഷ മുൻകരുതൽ സംബന്ധിച്ച് പരിശീലനം നൽകും. മണ്ണിനടിയിലൂടെ വൈദ്യുതി കേബ്ൾ സ്ഥാപിക്കുന്ന ജോലികൾ വിഷുവിനുശേഷം ആരംഭിക്കുമെന്ന് കലക്ടർ പറഞ്ഞു. യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുൽ നാസർ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.