താമരശ്ശേരി: പരാധീനതകളിൽ വീർപ്പുമുട്ടുന്ന താമരശ്ശേരി താലൂക്ക് ആശുപത്രി വികസനത്തിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ ഉൾപ്പെടുത്തിയത് ഏറെ പ്രതീക്ഷയോടെയാണ് മലയോര ജനത കാണുന്നത്. താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറ ഭൗതിക സാഹചര്യത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. പ്രതിദിനം ആയിരത്തോളം രോഗികൾ പരിശോധനക്കെത്തുന്ന ആശുപത്രിയുടെ വികസനം സാധാരണക്കാരെൻറ സ്വപ്നമാണ്. പ്രതിമാസം നൂറിലധികം പ്രസവവും ഇവിടെ നടക്കുന്നുണ്ട്. പ്രസവ വാർഡിനോട് ചേർന്ന് ഓപറേഷൻ തിയറ്റർ ഇല്ലാത്തതുമൂലം ആവശ്യഘട്ടങ്ങളിൽ അടുത്ത കെട്ടിടത്തിലേക്ക് രോഗിയെ മാറ്റി ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ് ചെയ്യാറ്. ഇപ്പോഴും കമ്യൂണിറ്റി ഹെൽത്ത്സെൻററിലെ സ്റ്റാഫ് പാറ്റേണിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. സ്പെഷാലിറ്റി ഡോക്ടർമാരടക്കം 32 പേർ വേണ്ടിടത്ത് മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെൻറൽ എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് അടക്കം 10 ഡോക്ടർമാർ മാത്രമാണ് ഇവിടെ സേവനംചെയ്യുന്നത്. 67 ബെഡ് ആണ് അനുവദിച്ചിരിക്കുന്നതെങ്കിലും ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി മുൻകൈെയടുത്ത് 120 ബെഡുകൾ നിലവിലുണ്ട്. 20 നഴ്സുമാർ വേണ്ടിടത്ത് 10 പേരാണുള്ളത്. അപകടത്തിൽപെടുന്നവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചാലും ഓർത്തോ വിഭാഗത്തിെൻറ അഭാവംമൂലം കാര്യക്ഷമമായ ചികിത്സ നൽകാൻ പറ്റാത്ത സാഹചര്യമാണ്. മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കാഷ്വാലിറ്റിയുടെ നിർമാണം പൂർത്തീകരിച്ചെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഓപറേഷൻ തിയറ്ററോടുകൂടിയ ലേബർ റൂം നവീകരണം, മാലിന്യനിർമാർജന പ്ലാൻറ്, എക്സ്റേ യൂനിറ്റ്, നിർമാണം പൂർത്തീകരിച്ച കാഷ്വാലിറ്റിയുടെ ഒന്നാം നിലയിൽ ഒ.പി സംവിധാനത്തിലുള്ള കെട്ടിടം നിർമിക്കുക, ആശുപത്രിയെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് നിലവാരത്തിലേക്ക് ഉയർത്തുക, ജീവനക്കാർക്ക് ക്വാട്ടേഴ്സ് നിർമിക്കുക, പവർലോണ്ടറി യൂനിറ്റ് സ്ഥാപിക്കുക തുടങ്ങിയവക്കാണ് അടിയന്തര പ്രാധാന്യം നൽകേണ്ടത്. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് ആദ്യമായി ലഭിച്ച തുക ദീർഘവീക്ഷണത്തോടെ വ്യക്തമായ മാസ്റ്റർപ്ലാൻ തയാറാക്കി ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.