മുക്കം: ജലക്ഷാമം രൂക്ഷമായി നാടും നഗരവും കുടിവെള്ളത്തിനായ് നെട്ടോട്ടമോടുമ്പോൾ ലക്ഷങ്ങൾ മുടക്കിയ പദ്ധതി പാതിവഴിയിൽ നശിക്കുന്നു. മുക്കം മുനിസിപ്പാലിറ്റിയിലെ കിഴക്കുമ്പാടത്തെ ജലസേചന പദ്ധതിയുടെ കുളവും പമ്പ് ഹൗസും അനുബന്ധ സാധനങ്ങളുമാണ് ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്നത്. 1996-^97 സാമ്പത്തികവർഷം സാമൂഹിക ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പാണ് കുളം നിർമിച്ചത്. ജനകീയാസൂത്രണ പദ്ധതി വന്നതോടെ ഇത് നഗരസഭയുടെ അധീനതയിലായി. മഴക്കാലത്തുപോലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കിഴക്കുമ്പാടം, ഇരുളൻകുന്ന് നിവാസികളുടെ ആവശ്യം പരിഗണിച്ച് കുളത്തിന് അനുബന്ധമായി പമ്പ് ഹൗസും ടാങ്കും പൈപ്പും സ്ഥാപിച്ചെങ്കിലും ഒരു ദിവസം പോലും പദ്ധതി പ്രവർത്തിച്ചില്ല. പദ്ധതി തുടങ്ങിയശേഷമുള്ള വാർഡ് വിഭജനമാണ് തടസ്സമായത്. പ്രവൃത്തി തുടങ്ങുമ്പോൾ മൂന്നാം വാർഡിലാണ് പദ്ധതി ഉൾപ്പെട്ടിരുന്നത്. എന്നാൽ, വിഭജനത്തോടെ പദ്ധതിയുടെ ഒരു ഭാഗം ഒന്നാം വാർഡിലേക്ക് മാറി. ഇതോടെ ഒരു വിഭാഗം ഗുണഭോക്താക്കൾ പദ്ധതിക്ക് പുറത്തായി. പദ്ധതിയുടെ ഉദ്ഘാടനഘട്ടമടുക്കാറായ സമയത്താണ് പദ്ധതിയുടെ ഗുണം ഒരു ഭാഗത്തേക്ക് മാത്രമായി ചുരുങ്ങിയത്. തുടക്കം മുതൽ ഗുണഭോക്താക്കൾ ഒന്നിച്ചുനിന്ന് നിർമാണത്തിനാവശ്യമായ എല്ലാ സഹായവും ചെയ്തിരുന്നു. ഇതിൽ ഒരു വിഭാഗം ഗുണഭോക്താക്കൾ തഴയപ്പെട്ടതോടെ ഉടലെടുത്ത ഭിന്നത, പദ്ധതി പാതിവഴിയിൽ നിലക്കാൻ കാരണമായി. ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനും തടസ്സമുണ്ടായി. യഥാസമയം വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിലും പരാജയപ്പെട്ടു. ഏറെക്കാലത്തിനുശേഷം ഗുണഭോക്താക്കളെല്ലാം ഒരു വാർഡിൽ തന്നെയായി മാറിയെങ്കിലും പദ്ധതിയുടെ തുടർപ്രവർത്തനത്തിന് ബന്ധപ്പെട്ടവർ താൽപര്യം കാണിച്ചില്ല. പദ്ധതിക്കായി സ്ഥാപിച്ച പൈപ്പ് ലൈനും മോട്ടോർ ഉൾെപ്പടെ സാമഗ്രികളുമെല്ലാം വർഷങ്ങളായി വെയിലും മഴയുമേറ്റ് നശിച്ചുതുടങ്ങി. പദ്ധതി യാഥാർഥ്യമായാൽ കിഴക്കുമ്പാടം കോളനിയുൾപ്പെടെ അറുപതോളം കുടുംബങ്ങൾക്ക് ഉപകാരപ്പെടും. നിലവിലെ കൗൺസിലറും നഗരസഭ ഭരണകൂടവും ശ്രമിച്ചാൽ പദ്ധതി നവീകരിക്കാൻ സാധിക്കും. വേനൽ കനക്കുന്നതോടെ ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് ഇവിടത്തെ ജലക്ഷാമം പരിഹരിക്കുന്നത്. ഈ പദ്ധതിയുള്ളതിനാൽ പുതിയ പദ്ധതികൾ ഒന്നും പ്രദേശത്ത് അനുവദിക്കുന്നുമില്ല. കൺമുന്നിൽ വെള്ളമുണ്ടായിട്ടും ഉപകാരപ്പെടാതെ ദുരിതം പേറുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.