കൊടിയത്തൂർ: കല്ലായിയിൽ രണ്ട് യുവാക്കൾക്ക് മർദനമേറ്റ സംഭവത്തിൽ വാലില്ലാപുഴ, കല്ലായി, ഗോതമ്പ് റോഡ്, എരഞ്ഞിമാവ്, കുളങ്ങര ഭാഗങ്ങളിൽ അരീക്കോട് പൊലീസ് ഭീതിപടർത്തുന്നതായി ആരോപണം. രാത്രി സമയങ്ങളിൽ പുരുഷന്മാരില്ലാത്ത വീട്ടിൽ കയറി ഭീതിപരത്തുകയാണ് പൊലീസെന്ന് നാട്ടുകാർ പറയുന്നു. രാത്രി 10നും 12നും ഇടയിലാണ് നിരവധി പൊലീസുകാർ വീട്ടിലെത്തി സ്ത്രീകളും പെൺകുട്ടികളും കിടന്നുറങ്ങുന്ന മുറിയിൽപോലും കയറി ടോർച്ചടിച്ച് പരിശോധന നടത്തുന്നത്. പൊലീസിനെ ഭയന്ന് പ്രദേശത്തെ 50ഓളം വീടുകളിൽ മൂന്നു ദിവസമായി പുരുഷന്മാർ ഒളിവിലാണ്. ഇവരെ പിടികൂടാനെന്ന പേരിലാണ് പൊലീസ് വീടുകളിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട്ടുടമസ്ഥരായ പുരുഷന്മാർ എത്രയും പെെട്ടന്ന് കീഴടങ്ങണമെന്നാവശ്യപ്പെടുകയാണ് പൊലീസ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടക്കുന്ന സമയത്ത് പഠിക്കാൻപോലും വിദ്യാർഥികൾക്ക് കഴിയുന്നില്ല. അതേസമയം, പാവപ്പെട്ട കുടുംബങ്ങളിൽ മൂന്നു ദിവസമായി ആരും പണിക്ക് പോവാതായതോടെ പല കുടുംബങ്ങളും പട്ടിണിയിലേക്കും നീങ്ങുകയാണ്. നേരത്തേ പൊലീസ് നിർദേശപ്രകാരമാണ് ഈ ഭാഗങ്ങളിൽ മോഷണത്തിനെതിരെ ജാഗ്രത കമ്മിറ്റി ഉണ്ടാക്കിയത്. ഈ കമ്മിറ്റികളുടെയെല്ലാം വ്യക്തമായ ലിസ്റ്റ് പൊലീസിെൻറ കൈവശമുണ്ട്. ഇതിൽനിന്ന് വിലാസം നോക്കിയാണ് പൊലീസ് വീടുകളിൽ കയറുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി മോഷ്ടാക്കളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട നാട്ടുകാർ ഇപ്പോൾ പൊലീസിനെ പേടിച്ച് പെൺമക്കൾക്ക് കാവലിരിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി സംശയാസ്പദമായി കണ്ട രണ്ട് യുവാക്കൾക്ക് മർദനമേൽക്കുകയും സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേതുടർന്ന് രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.