മുക്കം: ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുക്കം ആനയാംകുന്ന് സ്വദേശി ബിജീഷ് (27) എന്ന യുവാവിനെ സഹായിക്കുന്നതിനായി നാടൊന്നാകെ കൈകോർത്തു. ‘യുവപ്രതിഭ’യുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കറുത്തപറമ്പിൽ ‘ബിജീഷ് ഡേ’ ആചരിച്ചു. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമെന്ന് ഡോക്ടർമാർ വിധിയെഴുതിയ നിർധന കുടുംബാംഗമായ ബിജീഷിനെ സഹായിക്കാനാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. രാവിലെ മുതൽ വൈകീട്ടുവരെ കൂട്ടായ പ്രവർത്തനത്തിലൂടെ ബിജീഷിനായി നാട്ടുകാർ പണം സ്വരൂപിച്ചു. ഇരുപതോളം ഓട്ടോ തൊഴിലാളികളുടെ വേതനവും ചികിത്സനിധിയിലേക്ക് സംഭാവന നൽകി. കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ കറുത്ത പറമ്പ്^അങ്ങാടി കേന്ദ്രീകരിച്ച് വലുതും ചെറുതുമായ വാഹനങ്ങളിലെ യാത്രക്കാരിൽനിന്നാണ് പ്രധാനമായും ഫണ്ട് ശേഖരിച്ചത്. ബിജീഷ് ഡേ ഫണ്ട് ശേഖരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വോളിബാൾ ടൂർണമെൻറിൽനിന്ന് ലഭ്യമായ തുകയും ചികിത്സനിധിയിലേക്ക് കൈമാറി. തുടർന്ന് വൃക്കരോഗത്തെ ആസ്പദമാക്കി ഡോ. അബ്ദുൽ ഖാദർ ക്ലാസെടുത്തു. ചികിത്സനിധി ശേഖരണത്തിന് കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം സവാദ് ഇബ്രാഹിം, യുവപ്രതിഭ പ്രസിഡൻറ് മേച്ചേരി ഇസ്മയിൽ, മജീദ്, സലീം പൊയിലിൽ, മോണി, ബിജു, കെ.പി. വാസു, വി.പി. സുൽഫീക്കർ, വി.പി. ശിഹാബ്, ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി. തുക ബിജീഷ് സഹായ കമ്മിറ്റി ഭാരവാഹികളായ വി.എൻ. ശുഹൈബ്, അഡ്വ. പി. കൃഷ്ണകുമാർ എന്നിവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.