മുക്കം: നിർദിഷ്ട കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈൻ നിലവിലുള്ള അലൈൻമെൻറിന് പകരം ഇരുവഴിഞ്ഞിപ്പുഴയോരത്ത് കൂടെ കൊണ്ടുപോകാനുള്ള ഗെയിലിെൻറ ശ്രമത്തിനെതിരെ പ്രതിഷേധം വ്യാപകം. ചേന്ദമംഗല്ലൂർ മംഗലശ്ശേരി മൈതാനം, ചീപ്പാൻ കുഴി, മാളിയേക്കൽ കടവ് എന്നിവിടങ്ങളിൽ ഗെയ്ൽ അധികൃതർ കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു. ഇതിനെതിരെ ജനങ്ങൾ സംഘടിക്കുകയും ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയെന്നോണം ശനിയാഴ്ച കക്കാടിലും പൊതുജനങ്ങൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. രൂക്ഷമായ മണലെടുപ്പുമൂലം ഇരുവഴിഞ്ഞിപ്പുഴയുടെ ഇരുകരകളും ഇടിഞ്ഞു തകർന്നിരിക്കയാണ്. കക്കാട് ഭാഗത്ത് മുപ്പതിലധികം വീടുകൾ പുഴയോട് വളരെ അടുത്തതിനാൽ ഏത് സമയവും പുഴയിലേക്ക് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ഇതുവഴി പൈപ്പ് ലൈൻ സ്ഥാപിച്ച് കഴിഞ്ഞാൽ മുപ്പതോളം വീടുകൾ പൂർണമായും ഇരുപതിലധികം വീടുകൾ ഭാഗികമായും തകർക്കേണ്ടിവരും. കക്കാടിെൻറ പ്രധാന കുടിവെള്ള സ്രോതസ്സുകളായ രണ്ട് ജലനിധി ടാങ്കുകളും നശിപ്പിക്കപ്പെടും. സർക്കാർ വിജ്ഞാപനം പ്രഖ്യാപിച്ച ഭൂമിയിൽ കൂടിയല്ലാതെ പൈപ്പ് ലൈൻ വലിക്കാൻ പാടില്ലെന്ന ഹൈകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കാൻ പോകുന്നത്. അലൈൻമെൻറ് മാറ്റാനുള്ള ശ്രമം നടത്തുക വഴി ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണ് ഗെയ്ൽ നടത്തുന്നത്. ഇതിനെതിരെ പ്രദേശവാസികളെ ഒന്നടങ്കം അണിനിരത്തി സമരം ചെയ്യാനും ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ കുണ്ടുംകടവ് മുഹമ്മദ് ചെയർമാനും ടി. ഉമ്മർ കൺവീനറും മഞ്ചറ മുഹമ്മദലി ട്രഷററുമായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ കുണ്ടുംകടവ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. ടി. ഉമ്മർ സ്വാഗതവും മഞ്ചറ മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.