കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ വൻതോതിൽ പിടികൂടി. ക്രമക്കേടുകൾ കണ്ടെത്തിയ ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. വ്യാഴാഴ്ച പരിശോധിച്ച ആറ് ഹോട്ടലുകളിൽ ന്യൂനത കണ്ടെത്തിയതിനെതുടർന്ന് അഞ്ചെണ്ണത്തിന് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. തൊണ്ടയാട് ബൈപാസിലെ ഹോട്ടലുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം ബൈപാസിലെ കെ.എൽ 11 അടുക്കള എന്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധനക്കിറങ്ങിയത്. ഈ ഹോട്ടലും കൊച്ചിൻ മജ്ലിസ്, സോപാനം വെജ്, അൽഖൈർ റസ്റ്റാറൻറ്, പ്യുവർ സൗത്ത് , കോപർ ഫോളിയോ റസ്റ്റാറൻറ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കോപർ ഫോളിയോ ഒഴിച്ചുള്ള ഹോട്ടലുകൾക്കെല്ലാം നോട്ടീസ് നൽകുകയോ പിഴയീടാക്കുകയോ ചെയ്തിട്ടുണ്ട്. കെ.എൽ 11അടുക്കള ഹോട്ടലിന് പിറകിൽ ക്രമവിരുദ്ധമായി ഇതരസംസ്ഥാനതൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവർ താമസിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നിടത്ത് ആവശ്യത്തിന് വെളിച്ചമോ സൗകര്യങ്ങളോ ഇല്ല. ഈ ഹോട്ടലിന് നോട്ടീസ് നൽകി. സമീപത്തുള്ള കൊച്ചിൻ മജ്ലിസ് ഹോട്ടലിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന അഞ്ച് കിലോ പഴകിയ ഗ്രിൽഡ് ചിക്കൻ, പഴകിയ കറി, വറുത്ത മത്സ്യം, ഉപയോഗശൂന്യമായ ചോറ് എന്നിവ പിടിച്ചെടുത്തു. സ്ഥാപനത്തിന് 10,000 രൂപ പിഴചുമത്തി. സോപാനം ഹോട്ടലിൽനിന്ന് അഞ്ചു ലിറ്റർ പഴകിയ എണ്ണ, രണ്ടു ലിറ്റർ പഴകിയ കറി, മസാലക്കൂട്ട് എന്നിവയാണ് പിടിച്ചെടുത്തത്. ഇവിടെ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനമില്ലെന്നും ഹെൽത്ത് കാർഡില്ലാത്തവരാണ് തൊഴിലാളികളെന്നും പരിശോധനയിൽ വ്യക്തമായി. ഹോട്ടലിന് 2500 രൂപ പിഴചുമത്തി. 10 കിലോ പഴകിയ ചിക്കൻ വിഭവങ്ങൾ, നാല് ലിറ്റർ പഴകിയ എണ്ണ, മീൻകറി, പഴകിയ ചോറ് എന്നിവയാണ് അൽഖൈറിൽനിന്ന് പടിച്ചെടുത്തത്. പ്യുവർ സൗത്ത് ഹോട്ടലിൽനിന്ന് പഴകിയ ചപ്പാത്തി പിടികൂടി. ഇവർക്ക് 5000 രൂപ പിഴയിട്ടു. കോപ്പർ ഫോളിയോയിൽ ഗൗരവതരമായ ന്യൂനതകളില്ലെങ്കിലും ശുചിത്വം കുറവായതിനാൽ താക്കീത് നൽകി. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ 10 വരെയാണ് പരിശോധന നടത്തിയത്. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത്ത് സൂപ്പർ വൈസർ കെ. ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.