കോഴിക്കോട്: മാവൂർ റോഡിലെ കുരിശുപള്ളി കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടക്കുന്നതായി പരാതി. കഴിഞ്ഞദിവസം നഗരത്തിലെ പ്രമുഖ സ്കൂളിൽ നിന്നെത്തിയ വിദ്യാർഥികളോടൊപ്പമുണ്ടായിരുന്ന അധ്യാപികയുടെ ബാഗും പണവും ഉൾപ്പെടെ മോഷണം പോയി. പള്ളിക്ക് അകത്ത് പ്രവേശിക്കുന്നതിനുവേണ്ടി പുറത്ത് സൂക്ഷിക്കാൻ കൊടുത്തപ്പോഴാണ് മോഷണം. ബാഗിലുണ്ടായിരുന്ന 25,000 രൂപയും എ.ടി.എം, പാൻ കാർഡുകളുൾപ്പെടെയുള്ള നിരവധി രേഖകളും നഷ്ടമായി. ഇതുസംബന്ധിച്ച് നടക്കാവ് പൊലീസിൽ പരാതി നൽകി. പള്ളിയിൽ പ്രവേശിക്കുേമ്പാൾ ബാഗ് ഉൾപ്പെടെ വസ്തുക്കൾ പുറത്ത് സൂക്ഷിക്കുന്നത് ഇവിടത്തെ പതിവാണ്. മാവൂർ റോഡ് ജങ്ഷൻ കേന്ദ്രീകരിച്ച് പള്ളിയിലെത്തുന്നവരുടെ ബാഗുകൾ മോഷ്ടിക്കുന്ന സംഘം പ്രവർത്തിക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. പള്ളിയിലെത്തുന്നവരുടെ ബാഗും മറ്റും മോഷണം പോകുന്നത് സംബന്ധിച്ച് നിരവധി പരാതി ലഭിച്ചതായും പൊലീസ് പറയുന്നു. എന്നാൽ, അടിക്കടി ഉണ്ടാകുന്ന കവർച്ചക്കെതിരെ കാര്യക്ഷമമായ നടപടിയെടുക്കാൻ പൊലീസിന് ആവുന്നില്ലെന്ന ആക്ഷേപമുണ്ട്. സമീപത്ത് പൊലീസ് സ്ഥാപിച്ച സി.സി ടി.വി കാമറ ഉണ്ടായിട്ടും കവർച്ച സംഘത്തെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.