നന്മണ്ട: ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന കണ്ടോത്ത് കണ്ടി ക്വാറിയുടെ പ്രവർത്തനം നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. രേഖാപരമായ അനുമതിയുടെ കാലാവധി അവസാനിപ്പിച്ച് ആറുമാസം കഴിഞ്ഞുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇപ്പോൾ ഒരു അനുമതിയുമില്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും അതിനു ബന്ധപ്പെട്ട ജീവനക്കാർ മൗനസമ്മതം നൽകുകയുമാണെന്നുമാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. ലോഡ് കണക്കിനു കരിങ്കല്ലുകളാണ് ഇവിടെ നിന്നും കയറ്റിപോകുന്നത്. ഒാരോ അരമണിക്കൂറിലും കരിങ്കൽ ചീളുകൾ വീഴുന്ന ശബ്ദം പരിസരവാസികൾക്ക് ദുരിതമുണ്ടാക്കുകയാണ്. കടുത്ത വേനലും ക്വാറിയുടെ ചൂടും ജീവിതത്തെ ദുസ്സഹമാക്കുകയാണ്. പരിസര പ്രദേശത്തെ വീടുകളുടെ ചുമരുകളെല്ലാം വീണ്ടു കീറിയിരിക്കുകയാണ്. ക്വാറിയിൽനിന്നും പൊള്ളുന്ന കരിങ്കൽ കഷണങ്ങൾ ഒാടിന്മേൽവീണ് ഒാട് പൊട്ടിപോകുന്നതും ഇവിടെ പതിവാണ്. ചില രാഷ് ട്രീയക്കാരെയും ഗുണ്ടകളെയും സംരക്ഷകരാക്കിയാണ് ക്വാറി മാഫിയ പ്രവർത്തിക്കുന്നത്. എതിർപ്പുമായി ആരെങ്കിലും വന്നാൽ അവരെ നേരിടാൻ നാൽവർ സംഘം ഉണ്ട്. റോഡ് ടാർ ചെയ്തപ്പോൾ തന്നെ ക്വാറി മാഫിയക്ക് വിടുപണിചെയ്യാനും രാഷ്ട്രീയക്കാർ കരാറുകാരനെ ഉപയോഗപ്പെടുത്തിയതാണ് ക്വാറി ഇപ്പോൾ പ്രവർത്തിക്കുന്നതിനു കാരണമെന്നും നാട്ടുകാർ പറയുന്നു. ക്വാറിയിലേക്കുള്ള റോഡ് കുട്ടമ്പൂർ റോഡിൽനിന്നും യോജിപ്പില്ലായിരുന്നുവെങ്കിൽ ക്വാറി പ്രവർത്തിക്കില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ക്വാറി മാഫിയക്ക് എല്ലാ സഹായവും രാഷ്ട്രീയക്കാരാണ് നൽകുന്നതെന്നും ക്വാറി പ്രവർത്തനംകൊണ്ട് കുടിവെള്ളം കിട്ടാക്കനിയാവുകയാണെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.