കൊടുവള്ളി: മൊത്തവിൽപനക്ക് കൊണ്ടുവന്ന മൂന്നര ലക്ഷം രൂപയോളം വിലവരുന്ന ലഹരിവസ്തുക്കൾ കൊടുവള്ളി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ കൊടുവള്ളി ബസ്സ്റ്റാൻഡിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആറ് ബാഗുകളിലും ഒരു കടലാസ് പെട്ടിയിലുമായി സൂക്ഷിച്ച 8400 ഹാൻസ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. മലപ്പുറം വേങ്ങര കാരത്തോട് ഊരകം മരത്തുംപള്ളി വീട്ടിൽ ഫൈസലിൽ (41) നിന്നുമാണ് വിൽപന നിരോധിച്ച ലഹരിവസ്തുക്കൾ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും വാങ്ങിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിൽപനക്ക് കൊണ്ടുവന്നതായിരുന്നു. ഇയാളിൽനിന്നും 16200 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിൽനിന്നും കൊടുവള്ളിയിലേക്ക് ലഹരിവസ്തുക്കൾ ബസിൽ കടത്തിക്കൊണ്ട് വരുന്നതായി താമരശ്ശേരി ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കൊടുവള്ളിയിൽ രാവിലെ പൊലീസ് ബസുകളിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. സ്ഥിരമായി ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വന്ന് വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് ഫൈസലെന്നാണ് പൊലീസ് പറയുന്നത്. വിനോദയാത്ര സംഘങ്ങളും ഇൻറർസ്റ്റേറ്റ് സർവിസ് നടത്തുന്ന ബസുകളിലുമാണ് സംഘങ്ങൾ ലഹരിവസ്തുക്കൾ നാട്ടിലേക്കെത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളി എസ്.ഐ പ്രജീഷ്, എ.എസ്.ഐമാരായ രഘുനാഥ്, പി.കെ. ജോതി, പൊലീസുകാരായ ബാബുരാജ്, സുനിൽകുമാർ, ഇ.പി. അബ്ദുൽ റഹിം എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.