കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും മൂടി ശോച്യാവസ്ഥയിലായ മാമ്പുഴ നവീകരണത്തിന് ജില്ലപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഒന്നേമുക്കാൽ കോടിയുടെ പദ്ധതി. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഹരിതകേരളം മിഷെൻറ ഭാഗമായി നടപ്പാക്കുന്ന പുഴനവീകരണപദ്ധതിക്ക് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം അന്തിമ രൂപം നൽകി. ജില്ല പഞ്ചായത്തും കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും ഒളവണ്ണ, പെരുവയൽ, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് ചളി നിറഞ്ഞ് ഒഴുക്ക് നിലച്ച മാമ്പുഴയുടെ വീണ്ടെടുപ്പിന് പദ്ധതി തയാറാക്കിയത്. ജില്ല പഞ്ചായത്ത് 50 ലക്ഷവും ഗ്രാമ-, ബ്ലോക്ക് പഞ്ചായത്തുകൾ 25 ലക്ഷം വീതവും ഉൾപ്പെടെ ഒന്നേമുക്കാൽ കോടി ഇതിനായി ചെലഴിക്കും. അടിഞ്ഞു കൂടിയ മാലിന്യവും ചളിയും നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുകയും ആഴം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. മാമ്പുഴയുടെ ഉത്ഭവ സ്ഥാനമായ കുറ്റിക്കാട്ടൂർ മുതൽ കല്ലായിപ്പുഴയോടുചേരുന്ന കടുപ്പിനി വരെയുള്ള 20 കിലോമീറ്റർ നവീകരണപ്രവൃത്തിയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അറിയിച്ചു. മൃതാവസ്ഥയിലായിരുന്ന പുഴയുടെ പ്രതാപം വീണ്ടെടുക്കുന്നതിന് പുഴ സംരക്ഷണ സമിതിയും മാലിന്യം നീക്കം ചെയ്യുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകളും സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നു. നവീകരണപ്രവൃത്തി പൂർത്തിയായശേഷം പുഴയുടെ ഇരുകരകളിലും ജൈവമതിൽ നിർമിക്കുന്ന ജോലികൾ അതത് ഗ്രാമപഞ്ചായത്തുകൾ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി നിർവഹിക്കും. പുഴയുടെ ഇരുകരകളിലുമുള്ള ഓരോ വാർഡിലും മാമ്പുഴ സംരക്ഷണ സേന രൂപവത്കരിക്കും. നവീകരണപ്രവൃത്തിക്കുശേഷം മാലിന്യങ്ങൾ പുഴയിൽ തള്ളാതിരിക്കാനും വൃത്തിയായി സംരക്ഷിക്കുന്നതിനും സംരക്ഷണസേനയുടെയും മാമ്പുഴ സംരക്ഷണ സമിതിയുടെയും സേവനം ഉറപ്പുവരുത്തും. ഒക്ടോബറോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മാമ്പുഴയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഭ്യർഥിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി ജില്ലപഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായി പഞ്ചായത്ത് പ്രസിഡൻറുമാർ അടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു. ഓരോ പഞ്ചായത്തിലും ഇരുകരകളിലെ വാർഡുകളിലും പ്രത്യേക കമ്മിറ്റികളും രൂപവത്കരിക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ. മനോജ്കുമാർ (കോഴിക്കോട്), രമ്യ ഹരിദാസ് (കുന്ദമംഗലം), ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വൈ.വി. ശാന്ത (പെരുവയൽ), കെ. തങ്കമണി (ഒളവണ്ണ), കെ. അജിത (പെരുമണ്ണ), ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്, എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.