വി.കെ. രാജൻ പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന് സമ്മാനിച്ചു

കോഴിക്കോട് : മനുഷ്യനെ ആകർഷിക്കാൻ വേണ്ടിമാത്രമുള്ളതല്ല ഇടതുപക്ഷ ആശയമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മതേതരത്വം തൊലിപ്പുറത്തുള്ളതല്ല, ജനാധിപത്യം എന്നത് ഭംഗിക്കുവേണ്ടി ഉപയോഗിക്കുന്നതുമല്ല. ഇത്തരം കാര്യങ്ങൾ വിശ്വാസമാക്കി പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് വീരേന്ദ്രകുമാറെന്നും അദ്ദേഹം പറഞ്ഞു. വി.കെ. രാജൻ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ വി.കെ. രാജൻ പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളീകരണത്തിനെതിരെയും നവഉദാരീകരണത്തിനെതിരെയും പ്രതികരിക്കാൻ ഇടതുബുദ്ധിജീവികൾ പോലും മടിച്ചുനിന്ന കാലത്ത് ഇതിനെതിരെ ശക്തമായി മുന്നിൽ നിന്ന വ്യക്തിയാണ് വീരേന്ദ്രകുമാർ. ട്രേഡ് യൂനിയനുകൾ വികസനത്തിനെതിരാണെന്ന പേരുദോഷം കേൾപ്പിച്ചവരാണ് ഞങ്ങൾ. അക്കാലത്താണ് വീരേന്ദ്രകുമാർ ഇതിനെതിരെ പ്രതികരിച്ചതെന്നും കാനം പറഞ്ഞു. പല മുന്നണികളിൽ പോയിട്ടുണ്ടെങ്കിലും സ്വന്തം കുടുംബമെന്നുതോന്നുന്ന നിമിഷങ്ങൾ സഖാക്കൾക്കൊപ്പമാണെന്ന് എം.പി. വീരേന്ദ്രകുമാർ മ‍റുപടി പ്രസംഗത്തിൽ പറഞ്ഞു. കുടിവെള്ളം ഉൾപ്പെടെയുള്ള വിഭവങ്ങളെല്ലാം സാമ്രാജ്യത്വ ശക്തികളുടേതായി. ഇതിനെതിരെ പൊരുതുന്നത് ചുരുക്കം ചിലർ മാത്രമാണെന്നും പ്രതിഷേധത്തിലൂടെയല്ലാതെ ഫാഷിസത്തെ നേരിടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാഷിസത്തെ തോൽപിക്കാനുള്ള ഒരേയൊരു വഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണെന്നും ഇന്ത്യയെ ഏതെങ്കിലും ഒരു സാംസ്കാരികവിഭാഗത്തിന് വിട്ടുകൊടുക്കേണ്ടതില്ലെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. വി.കെ. രാജ​െൻറ മകൻ വി.ആർ. സിറിൽ സംസാരിച്ചു. യു.ടി പ്രേംനാഥ് സ്വാഗതവും ടി.പി. മമ്മു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.