മെഡിക്കൽ ലീവിന് ശേഷം ചാർജ്ജെടുത്ത പഞ്ചായത്ത് സെക്രട്ടറിയെ ജോലി ചെയ്യാൻ അനുവദിച്ചില്ല.

മെഡിക്കൽ ലീവിനുശേഷം ചാർജെടുത്ത പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞു താമരശ്ശേരി: ഒരു മാസത്തെ മെഡിക്കൽ ലീവിനുശേഷം ചാർജെടുത്ത സെക്രട്ടറിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണസമിതി അംഗങ്ങളും പ്രവർത്തകരും ചേർന്ന് തടഞ്ഞു. അനധികൃത ലീവെടുത്താണ് സെക്രട്ടറി മുങ്ങിയതെന്നും അധികാരപത്രമില്ലാതെയാണ് ചുമതല ഏൽക്കാനെത്തിയതെന്നും ആരോപിച്ചാണ് തടഞ്ഞത്. സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ഓഫിസ് പ്രവർത്തനം സ്തംഭിച്ചതിനെതുടർന്ന് ഡി.ഡി.പി ഇടപെട്ട് അസി. സെക്രട്ടറിക്ക് ചുമതല നൽകുകയായിരുന്നു. കെട്ടിക്കിടന്ന ഫയലുകൾ തീർപ്പാക്കുന്നതിനിടയിൽ സെക്രട്ടറിയുടെ വരവാണ് പ്രകോപനത്തിനിടയാക്കിയത്. ഓഫിസിനുള്ളിൽ സംഘർഷാവസ്ഥ ഉണ്ടായതിനെത്തുടർന്ന് പൊലീസെത്തി സെക്രട്ടറിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നാലെ പഞ്ചായത്ത് പ്രസിഡൻറ് അധികാരപത്രമില്ലാതെ സെക്രട്ടറിക്കസേരയിൽ കയറിയിരുന്നെന്ന് കാണിച്ച് താമരശ്ശേരി പൊലീസിൽ പരാതിയും നൽകി. ഇതിനിടയിൽ സെക്രട്ടറി ഡി.ഡി.പിയുമായി ബന്ധപ്പെട്ടതിനെതുടർന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഡി.ഡി.പി ഓഫിസിൽ ഹാജരാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചു. കഴിഞ്ഞ മാസം 20നാണ് സെക്രട്ടറി ലീവെടുത്തത്. സെക്രട്ടറി നൽകിയ ലീവ് അപേക്ഷ ഡി.ഡി.പി അംഗീകരിക്കാതിരുന്നതിനെ തുടർന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ലീവിന് അനുമതി നേടിയത്. അതേസമയം, പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡൻറ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത് ഏറെ വിവാദത്തിനിടവരുത്തിയിരുന്നു. അധികാരമേറ്റിട്ട് ഒന്നര വർഷം പിന്നിട്ട ഭരണസമിതിയുടെ ഉൗർജം മുഴുവൻ സെക്രട്ടറിമാർക്കെതിരെ പൊരുതാനാണ് വിനിയോഗിച്ചത്. ഈ ചുരുങ്ങിയ കാലയളവിൽ മൂന്ന് സെക്രട്ടറിമാരെ സ്ഥലംമാറ്റിച്ചശേഷം എത്തിയ നാലാമത്തെ സെക്രട്ടറിയുമായാണ് ഇപ്പോഴത്തെ പോര്. സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫ് ഭരണസമിതി അംഗങ്ങൾ ഡി.ഡി.പി ഓഫിസിനു മുന്നിൽ സത്യഗ്രഹം ഇരിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.