മാനന്തവാടി: നഗരസഭ പരിധിയിലെ കൂടൽക്കടവ്, പാൽവെളിച്ചം പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കൂടല്‍ക്കടവ്, മുട്ടങ്കര, ചാലിഗധ, പാല്‍വെളിച്ചം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് നിത്യേനയെന്നോണം കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തുന്നത്. കൂടല്‍ക്കടവ്, മുട്ടങ്കര എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കർഷകരുടെ നെല്ല്, വാഴ, കപ്പ, കുരുമുളക്, ചേന, ഇഞ്ചി, കാപ്പി തുടങ്ങിയ കൃഷികളാണ് പാടെ നശിപ്പിച്ചത്. വന്യമൃഗശല്യം തടയാനായി സ്ഥാപിച്ച വൈദ്യുതി കമ്പിവേലികള്‍ ചവിട്ടി തകര്‍ത്തും കമ്പിക്ക് മുകളിലേക്ക് മരങ്ങള്‍ പിഴുതിട്ടുമാണ് ആനകള്‍ ജനവാസകേന്ദ്രത്തിലേക്കും കൃഷിയിടത്തിലേക്കും ഇറങ്ങുന്നത്. രാത്രി കൃഷിയിടത്തില്‍ എത്തുന്ന ആനകള്‍ പുലര്‍ച്ചെയാണ് തിരികെ വനത്തിലേക്ക് പോകുന്നത്. ചില ദിവസങ്ങളിൽ പകലും തോട്ടങ്ങളിൽ തമ്പടിക്കും. വൈകുന്നേരമാകുമ്പോള്‍ റോഡിലേക്ക് ഇറങ്ങുന്ന ആനക്കൂട്ടം ജനങ്ങളുടെ ജീവനും ഭീഷണിയാണ്. സന്ധ്യകഴിഞ്ഞാല്‍ ആരു൦ വീടിനു പുറത്തിറങ്ങാറില്ല. വായ്പയെടുത്തും മറ്റും കൃഷിചെയ്ത് വിളവെടുക്കാന്‍ നേരം ഉണ്ടാകുന്ന വന്യജീവി ആക്രമണം കാരണം വലിയ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നത്. ഇങ്ങനെ സ്ഥിതി തുടര്‍ന്നാല്‍ കൃഷിയുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നാണ് കര്‍ഷകർ പറയുന്നത്. ചക്ക തിന്നാനാണ് തോട്ടങ്ങള്‍ ലക്ഷ്യമാക്കി ആനകള്‍ കൂട്ടത്തോടെ എത്തുന്നത്. മൂന്നു മാസം മുമ്പ് പാല്‍വെളിച്ചത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കുമുമ്പ് തന്നെ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെയുള്ള പ്രദേശത്ത് റെയില്‍ കമ്പിവേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നാളിതുവരെയും ഈ കമ്പി ഉപയോഗിച്ച് വേലി നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. നിത്യേനയെന്നോണം വന്യമൃഗശല്യവും കൃഷി നാശവും നേരിടുന്ന ഈ സമയത്ത് റെയില്‍ പ്രതിരോധവേലി ഉടന്‍ പൂര്‍ത്തിയാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.