പേരാമ്പ്ര: മൂന്നാഴ്ചക്കിടെ അഞ്ചുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ച കൂരാച്ചുണ്ട് പനിച്ച് വിറക്കുകയാണ്. പഞ്ചായത്തിലെ നിരവധിയാളുകൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബുധനാഴ്ച കാളങ്ങാലിയിലെ കോറോത്ത് ഷംസീറിെൻറ ഭാര്യ ഹസീനയുടെ (27) മരണവിവരം അറിഞ്ഞതോടെ നാട് ഞെട്ടലിലാണ്. പനി ബാധിച്ചിട്ടുണ്ടെങ്കിലും ഹസീനയുടെ മരണകാരണം ഡെങ്കിപ്പനി അല്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. ഡെങ്കിപ്പനി താണ്ഡവമാടിയ വട്ടച്ചിറയിലാണ് രണ്ടുപേർ മരണപ്പെട്ടത്. കഴിഞ്ഞമാസം 26ന് കൂരാച്ചുണ്ട് ബ്ലോസം ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക വട്ടച്ചിറയിലെ പള്ളിക്കുന്നേൽ ഷൈനി (38) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇവർ നാലുദിവസം പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നിട്ടും രോഗം ഭേദമാവാത്തതോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വട്ടച്ചിറ ഒറ്റപ്ലാക്കൽ മൈക്കിൾ (കുഞ്ഞ്-83) ഒമ്പതുദിവസത്തെ സ്വകാര്യാശുപത്രിയിലെ ചികിത്സക്കുശേഷം വ്യാഴാഴ്ചയാണ് മരിച്ചത്. കാറ്റുള്ള മലയിലെ അരിശിരാപന്തിയിൽ വക്കച്ചൻ (69) മെഡിക്കൽ കോളജിലെ ചികിത്സക്കിടെ ഈ മാസം ആറിനും മരിച്ചു. പൂവ്വത്തുംചോല ലക്ഷംവീട് കോളനിയിലെ കനകമ്മ (54) മരിച്ചത് മൂന്നുദിവസം മുമ്പാണ്. കൂരാച്ചുണ്ടിെൻറ സമീപപ്രദേശമായ കൂട്ടാലിടയിലെ ഓട്ടോ ഡ്രൈവർ ആമയാട്ട് താഴെകുനി ബിനീഷ് (32) ജൂൺ ഏഴിനും മരിച്ചിരുന്നു. രണ്ടുമാസത്തിലധികമായി കൂരാച്ചുണ്ട് പനിക്കിടക്കയിലായിട്ട്. കുടുംബത്തിലെ മുഴുവനാളുകൾക്കും പനി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മിക്ക വീടുകളിലുള്ളവരും ജോലിക്കുപോയിട്ട് ആഴ്ചകളായി. നിത്യ ചെലവിനുപോലും പണമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബുധനാഴ്ച കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ എം.കെ. രാഘവൻ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കുകയും പനിബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.