കെ.എസ്​.ആർ.ടി.സിക്ക്​ വായ്​പ അനുവദിച്ചതിനെതിരെ സഹകരണ ജീവനക്കാരുടെ സംഘടന

കോഴിക്കോട്: കെ.എസ്.ആർ.ടി.സിക്ക് വായ്പ അനുവദിച്ചതിനെതിരെ സഹകരണ ജീവനക്കാരുടെ സംഘടന രംഗത്ത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലുള്ള കണ്ണൂര്‍ ജില്ല സഹകരണബാങ്കില്‍നിന്ന് ചട്ടം ലംഘിച്ചാണ് കോർപറേഷന് നൂറുകോടി രൂപ കൈമാറിയതെന്ന് ആരോപിച്ച് ഓള്‍കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ആണ് രംഗത്തെത്തിയിരിക്കുന്നത്. ജില്ല സഹകരണബാങ്കുകളുടെ വായ്പ നിബന്ധനകള്‍ പ്രകാരം അംഗസംഘങ്ങൾക്കും വ്യക്തികള്‍ക്കും പ്രത്യേക പദ്ധതിപ്രകാരം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും അപക്‌സ് സഹകരണ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് വായ്പകള്‍ അനുവദിക്കുവാന്‍ വ്യവസ്ഥയുള്ളത്. കെ.എസ്.ആർ.ടി.സി അതില്‍ ഉള്‍പ്പെടുന്ന സ്ഥാപനമല്ല. നിബന്ധനകള്‍ പാലിക്കാതെയും മതിയായ സെക്യൂരിറ്റിയില്ലാതെയും വായ്പ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കുപോലും വായ്പ അനുവദിക്കരുതെന്നാണ് റിസർവ് ബാങ്ക് ചട്ടം. ബാങ്കിന് വായ്പ അപേക്ഷ ലഭിച്ചാലുടന്‍ അപേക്ഷയോടൊപ്പം വായ്പക്ക് ഈടായി നല്‍കുന്ന വസ്തുവി​െൻറ രേഖകള്‍ ക്രമപ്രകാരമുള്ളതാണോ എന്ന് ബാങ്കി​െൻറ നിയമോപദേശകന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നൽകണം. തുടര്‍ന്ന് ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്, വസ്തു പരിശോധിച്ച് മൂല്യനിര്‍ണയം നടത്തുകയും വേണം. ഇതൊന്നും പാലിക്കാതെ സര്‍ക്കാര്‍ നിർദേശത്തി​െൻറ മാത്രം അടിസ്ഥാനത്തിലാണ് വായ്പ കൈമാറ്റം നടത്തിയത്. വരും ദിവസങ്ങളില്‍ മറ്റു ജില്ല ബാങ്കുകളില്‍നിന്ന് കെ.എസ്.ആർ.ടി.സിക്ക് തുക കൈമാറാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന് സംഘടന ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.