ഉന്നത വിജയികളെ ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ ബ്ലോക്ക് പരിധിയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിൽനിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.എം. ചന്ദ്രി അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് കരിയർ ഗൈഡൻസ് സെൻറർ ജനറൽ മാനേജർ പി. രാജീവ് ക്ലാസെടുത്തു. ജില്ലയിൽ നൂറുശതമാനം വിജയം നേടി മികച്ച നേട്ടം കൈവരിച്ച നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ അനുമോദിച്ചു. പ്രധാനാധ്യാപകൻ ഇ. സിദ്ദീഖ് ഉപഹാരം ഏറ്റുവാങ്ങി. ജനപ്രതിനിധികളായ പി.പി. സുരേഷ്കുമാർ, കെ. ചന്തു, അഡ്വ. അരൂർ മനോജ് എന്നിവർ സംസാരിച്ചു. മുഹമ്മദിെൻറ വെളിച്ചമായി സായന്ത് നാദാപുരം: വർണങ്ങളും വെളിച്ചവും അന്യമായ മുഹമ്മദിെൻറ സ്വപ്നങ്ങൾക്ക് നിറവും വെളിച്ചവുമാവുകയാണ് ഉറ്റതോഴനായ സായന്ത്. രണ്ടുപേരും നാദാപുരം ഗവ. യു.പി സ്കൂളിലെ ഏഴാംതരത്തിലെ വിദ്യാർഥികളാണ്. ജന്മനാ കാഴ്ചയില്ലാത്ത മുഹമ്മദിന് എല്ലാറ്റിനും സായന്ത് വേണം. മുഹമ്മദിെൻറ വരവുംകാത്ത് രാവിലെതന്നെ സ്കൂൾഗേറ്റിൽ സായന്ത് കാത്തിരിപ്പുണ്ടാകും. പഠനത്തിലും പാട്ടിലുമൊക്കെ മിടുക്കനാണ് മുഹമ്മദ്. സ്കൂളിലെ മുഴുവൻ അധ്യാപകരേയും ശബ്ദംകൊണ്ട് അവന് തിരിച്ചറിയാം. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രിയങ്കരരാണ് ഇൗ കൂട്ടുകാർ. ഈവർഷം ഏഴാംക്ലാസ് കഴിയുമ്പോൾ രണ്ടുപേരും ഒരേ ഹൈസ്കൂളിൽ ചേരാനാണ് ആഗ്രഹിക്കുന്നത്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന 15-ഓളം കുട്ടികളിവിടെ പഠിക്കുന്നുണ്ട്. അവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാനായി മത്സരിക്കുന്ന ഒരു പറ്റം കുട്ടികൾ ഇവിടെയുണ്ട്. ഇത്തരം കുട്ടികളെ ചേർക്കാൻ മറ്റു വിദ്യാലയങ്ങൾ മടികാണിക്കുമ്പോൾ ഈ വിദ്യാലയം അത്തരം പ്രത്യേക പരിഗണന അർഹിക്കേണ്ട കുരുന്നുകൾക്കായി വിദ്യയുടെ കവാടങ്ങൾ തുറന്നിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.