ടിപ്പർ അപകടങ്ങൾ തുടർക്കഥയായി മലയോര മേഖല ഇരുനൂറോളം ഖനന യൂനിറ്റുകൾ, റോഡിലൂടെ ചീറിപ്പായുന്നത് 2500ഓളം ടിപ്പർ ലോറികൾ

മുക്കം: മലയോര മേഖലയിൽ ടിപ്പർ ലോറി അപകടങ്ങൾ തുടർക്കഥയാവുന്നു. അഞ്ചു വർഷത്തിനിടെ ടിപ്പർ ലോറി അപകടങ്ങൾമൂലം നിരവധിപേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. നിരവധി പേർ അംഗവൈകല്യമടക്കം സംഭവിച്ച് ദുരിതക്കിടക്കയിൽ കഴിയുന്നു. നിയമാനുസൃതവും അനധികൃതവുമായി ഇരുനൂറോളം കരിങ്കൽ ക്വാറികൾ, എം-സാൻഡ് യൂനിറ്റുകൾ, ക്രഷറുകൾ, ചെങ്കൽ ക്വാറികൾ എന്നിവയാണ് മേഖലയിലെ കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി പ്രവർത്തിക്കുന്നത്. ഖനന യൂനിറ്റുകളിൽനിന്ന് 2500ൽ അധികം ടിപ്പർ ലോറികളാണ് രാത്രിയെന്നോ പകലെന്നോ അവധി ദിവസങ്ങളെന്നോ വ്യത്യാസമില്ലാതെ മലയോര റോഡുകളിലൂടെ ചീറിപ്പായുന്നത്. സ്കൂൾ സമയങ്ങളിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ അഞ്ചു വരെയും ടിപ്പറുകൾ സർവിസ് നടത്തരുതെന്ന ജില്ല കലക്ടറുടെ നിർദേശം പാലിക്കപ്പെടുന്നില്ല. ടിപ്പറുകളുടെ ബോഡി പൂർണമായും ഇരുമ്പുകൊണ്ട് നിർമിച്ചതായതിനാൽ അപകടം സംഭവിച്ചാലും തങ്ങൾക്ക് ഒന്നും പറ്റില്ലെന്ന സുരക്ഷിതത്വബോധമാണ് ടിപ്പർ ഡ്രൈവർമാരെ ഇത്തരം മരണപ്പാച്ചിലിന് പ്രേരിപ്പിക്കുന്നത്. ഏറെഭാരവും വീതിയുമുള്ള വാഹനമായതിനാൽ മറ്റ് വാഹനങ്ങൾക്കു തട്ടിയാലും ടിപ്പർ ഡ്രൈവർമാർ പലപ്പോഴും അറിയുന്നില്ല. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലായാണ് മലയോര മേഖലയിലെ കൂടുതൽ ഖനന പ്രവർത്തനങ്ങളും നടക്കുന്നത്. കാരശ്ശേരി പാറത്തോട്, കൊടിയത്തൂർ തോട്ടുമുക്കം മേഖലയിൽ മാത്രമായി ഒന്നര കിലോമീറ്റർ പരിധിയിൽ 75ഓളം ക്വാറി, ക്രഷർ, എം.സാൻഡ് യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. p3cl19
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.