പെൻഷൻ ലഭിക്കുന്നില്ല; കർഷകർ ദുരിതത്തിൽ

കുടിശ്ശികയുള്‍പ്പെടെ വിതരണം ചെയ്യാന്‍ 14,40,45,000 രൂപ വേണം മാനന്തവാടി: ഒരു വർഷത്തോളമായി പെൻഷൻ ലഭിക്കാത്തതിനാൽ ജില്ലയിലെ കർഷക ഗുണഭോക്താക്കൾ ദുരിതത്തിൽ. വിതരണത്തിന് സംസ്ഥാന സര്‍ക്കാർ തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൃഷിവകുപ്പ് മുഖേന നൽകിയിരുന്ന പെൻഷനാണ് ഒരു വർഷമായി മുടങ്ങിക്കിടക്കുന്നത്. 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 1000 രൂപയാക്കി വർധിപ്പിച്ചിരുന്നു. 2016 ജൂണിൽ മാത്രമാണ് വർധിപ്പിച്ച തുക വിതരണം ചെയ്തത്. ജില്ലയില്‍ 13,095 പേരാണ് കർഷക പെന്‍ഷന് അർഹരായിട്ടുള്ളവർ. നിലവില്‍ കുടിശികയുള്‍പ്പെടെ വിതരണം ചെയ്യാന്‍ 14,40,45,000 രൂപ വേണം. മാര്‍ച്ച് വരെയുള്ള കുടിശ്ശിക വിതരണം ചെയ്യാനായി 10,83,87,000 കോടിരൂപ സര്‍ക്കാറിനോട് ജില്ല കൃഷി ഓഫിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ മുഖം തിരിച്ച് നിൽക്കുകയാണ്. സര്‍ക്കാന്‍ നല്‍കി വരുന്ന മറ്റു ക്ഷേമപെന്‍ഷനുള്‍പ്പെടെ വീടുകളിലെത്തിച്ചു നല്‍കുമ്പോള്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് കർഷകസംഘടനകൾ ആരോപിക്കുന്നു. കാര്‍ഷിക ഉൽപന്നങ്ങളുടെ വിലത്തകര്‍ച്ചയും പ്രതികൂല കാലാവസ്ഥയും മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ആശ്വാസമായിരുന്നു. സർക്കാറി​െൻറ കണ്ണു തുറപ്പിക്കാൻ കൂട്ടായ്മ ഇല്ലാത്ത തങ്ങൾ എന്തുചെയ്യണമെന്നാണ് കർഷകർ ചോദിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ കർഷകസംഘടനകളും ഇക്കാര്യത്തിൽ മൗനം പുലർത്തുകയാണ്. ലാപ്ടോപ് വിതരണം മാനന്തവാടി: ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്ന മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മാനന്തവാടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു സ്വിച്ച്ഓണ്‍ നിർവഹിച്ചു. 2016-17 വര്‍ഷത്തെ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹൈസ്കൂള്‍ വിഭാഗത്തിനായി ലാപ്ടോപുകള്‍ നല്‍കിയത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ അധ്യയന നിലവാരത്തില്‍ മുന്‍പന്തിയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി പത്തു കോടി രൂപ ചെലവഴിച്ചാണ് സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതില്‍ സർക്കാർ വിഹിതമായ അഞ്ചുകോടിക്ക് പുറമേ ബാക്കി തുക പൂർവ വിദ്യാര്‍ഥികളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും സ്വരൂപിക്കും. മുനിസിപ്പാലിറ്റി ചെയര്‍പേഴ്സൻ വി.ആര്‍. പ്രവീജ്, വൈസ് ചെയര്‍പേഴ്സൻ പ്രദിപ ശശി, കൗണ്‍സിലര്‍ സ്റ്റെര്‍വിന്‍ സ്റ്റാനി, പ്രിന്‍സിപ്പൽ എം. അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റര്‍ പി. ഹരിദാസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പൽ ദിലിന്‍ സത്യനാഥ്, പി.ടി.എ പ്രസിഡൻറ് വി.കെ. തുളസീദാസ് എന്നിവര്‍ സംസാരിച്ചു. TUEWDL1 മാനന്തവാടി ഗവ.ഹൈസ്കൂളിന് നഗരസഭ നൽകിയ ലാപ്ടോപുകളുടെ സ്വിച്ച് ഓൺ പി.ടി. ബിജു നിർവഹിക്കുന്നു സി.ഡി പ്രകാശനം മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ, പത്താം ക്ലാസിലെ ഹിന്ദി പാഠഭാഗങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ 'ബീർബഹുട്ടി' സീഡി പ്രകാശനം ചെയ്തു. അമൃത വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ സുബാഷ് ബാബുവും കാമറാമാനായ അനിൽകുമാറും ചേർന്നാണ് സീഡി നിർമിച്ചത്. 10ാം തരത്തിലെ ആദ്യ ഹിന്ദി പാഠഭാഗമാണ് ബീർബഹുട്ടി. പ്രകൃതിയിൽ നിന്ന് മനുഷ്യർ അകന്നുപോകുമ്പോൾ നഷ്ടമാകുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഇൗ കഥ. നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് പ്രകാശനം നിർവഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ പ്രതിഭ ശശി അധ്യക്ഷത വഹിച്ചു. കൗൺസിലർ ശോഭ രാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രേമദാസൻ മാസ്റ്റർ, പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് കെ.ആർ. പ്രതീഷ് അഭിനേതാക്കളായ അനന്ദു, ആദിത്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.