തിരുവനന്തപുരം: ജയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രാവിലെയും വൈകീട്ടും ഭക്ഷണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആഭ്യന്തര സെക്രട്ടറിക്കും ജയിൽ മേധാവിക്കുമാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയത്. ജയിൽ മേധാവി കമീഷനിൽ വിശദീകരണം സമർപ്പിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ദിവസം ഒരു തവണ തടവുകാരുടെ ഉച്ചഭക്ഷണത്തിന് തുല്യമായ ഭക്ഷണം നൽകണമെന്നാണ് വ്യവസ്ഥ. രാത്രി ഡ്യൂട്ടിക്ക് വരുന്നവർക്ക് അത്താഴം ജയിലിൽനിന്ന് നൽകാറുണ്ട്. എന്നാൽ വനം, പൊലീസ് വകുപ്പുകളിൽ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം റേഷൻമണിയും ഫീൽഡിങ് ചാർജും അനുവദിക്കുന്നുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. തടവുകാരെ പൂട്ടിയിട്ട ശേഷം ജീവനക്കാർ പുറത്തുപോയി ഭക്ഷണം കഴിക്കാനാവില്ലെന്നും പരാതിക്കാരൻ അറിയിച്ചു. റേഷൻമണിയും ഫീൽഡിങ് ചാർജും ജയിലിലെ ഉദ്യോഗസ്ഥർക്ക് നൽകുന്നില്ലെന്ന് കമീഷൻ കണ്ടെത്തി. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നൽകുന്നത്. പാറാവ് നിന്ന ശേഷം ഒരു ചായ പോലും കുടിക്കാതെ ജയിലിൽനിന്ന് പോകേണ്ടി വരുന്നത് ശോച്യമാണെന്നും പി. മോഹനദാസ് നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് കമീഷൻ നിർദേശിച്ചു. ഉത്തരവ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പി. അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.