കോഴിക്കോട്: മലബാറിലെതന്നെ ഏറ്റവും വലിയ വ്യാപാരകേന്ദ്രങ്ങളിലൊന്നായ കോഴിക്കോട്ടെ വലിയങ്ങാടി ഞായറാഴ്ച പ്രവർത്തിച്ച് ചരിത്രം തിരുത്തി. ആദ്യമായിട്ടാണ് വ്യാപാരികളുടെ ഏകകണ്ഠ തീരുമാനത്തിൽ വലിയങ്ങാടിയിലെ കടകൾ ഞായറാഴ്ച തുറന്നുപ്രവർത്തിക്കുന്നത്. ജില്ലയിലെ തുടർച്ചയായ രണ്ടു ദിവസത്തെ ഹർത്താലിൽ വ്യാപാരം നിലച്ചതോടെയാണ് ഞായറാഴ്ച കടകൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരികൾ തീരുമാനിച്ചത്. മുന്നൂറോളം കടകളുള്ള വലിയങ്ങാടിയിൽ 270ഒാളം കടകളും ഞായറാഴച തുറന്നു പ്രവർത്തിച്ചു. ചരക്കുമായെത്തി ദിവസങ്ങേളാളം കാത്തുനിൽക്കുകയായിരുന്ന വാഹനങ്ങൾക്ക് ഇത് ഏറെ ആശ്വാസമായി. ജില്ലക്കകത്തും പുറത്തുംനിന്ന് ഒട്ടേറെ പേരാണ് മൊത്ത വ്യാപാര കേന്ദ്രത്തിലെത്തി ചരക്കുമായി മടങ്ങിയത്. കമ്മാലികളും ട്രോളിക്കാരും അട്ടിമറിക്കാരുമടക്കം മുഴുവൻ തൊഴിലാളികളും ഞായറാഴ്ച ജോലികളിൽ സജീവമായി. എന്നാൽ, അവധിദിനത്തിൽ ജോലിയെടുക്കുന്നതിന് ഒാവർടൈം കൂലി നൽകണമെന്ന് അട്ടിമറി വിഭാഗം ആവശ്യപ്പെട്ടത് രാവിലെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. റമദാൻ സീസണിൽ ഹർത്താൽ കാരണം തുടർച്ചയായി രണ്ട് ദിവസം കടകൾ അടച്ചിേടണ്ടി വന്നത് കച്ചവടക്കാർക്ക് വലിയ നഷ്ടമുണ്ടാക്കി. ഹർത്താൽ ചരക്ക് നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെയായിരുന്നു ഞായറാഴ്ച കടകൾ തുറന്ന് പ്രവർത്തിക്കാൻ വ്യാപാരികൾ തീരുമാനിച്ചത്. ഞായറാഴ്ചയും അവധിയാണെങ്കിൽ തിങ്കളാഴ്ച ഇവിടെ വൻ തിരക്കായിരിക്കുമെന്ന് വിലയിരുത്തിയാണ് കടകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. ജില്ലയിൽ ഹർത്താൽ ഉണ്ടായാൽ ഏറ്റവും ബാധിക്കുന്ന മേഖലയാണ് വലിയങ്ങാടി. ജില്ലക്കകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലേക്ക് ചരക്ക് മൊത്തമായി കൊണ്ടുപോകുന്നതിെൻറയും ഇറക്കുന്നതിെൻറയും പ്രധാന കേന്ദ്രമാണിവിെട. ഹർത്താൽ ദിനത്തിൽ വൈകീട്ട് ആറു മണി മുതൽ 11വരെ മിക്ക കടകളും തുറന്നിരുന്നുവെങ്കിലും ചരക്ക് നീക്കം പൂർണമായിരുന്നില്ല. വ്യാഴാഴ്ച മുതൽ ബീച്ച് റോഡിൽ ലോറികൾ ചരക്കുമായി കാത്തുകിടക്കുകയായിരുന്നു. ബംഗാൾ, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ലോറികളും കൂട്ടത്തിലുണ്ടായിരുന്നു. ഞായറാഴ്ച കടകൾ തുറന്നത് വരുംദിവസങ്ങളിൽ തിരക്കിന് കുറവുണ്ടാക്കുമെന്ന് ഫുഡ്ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ. ശ്യാംസുന്ദർ പറഞ്ഞു. photo: AB 6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.