കോഴിക്കോട്: രണ്ടാം ദിവസവും ഹർത്താൽ വന്നത് നഗരത്തിലെ വ്യാപാര മേഖലക്ക് ഇരുട്ടടിയായി. റമദാൻ സീസണിൽ തുടർച്ചയായി രണ്ട് ദിവസം കടകൾ അടച്ചിേടണ്ടി വന്നത് വലിയ നഷ്ടമുണ്ടാക്കിയെന്ന് വലിയങ്ങാടിയിലെയും പാളയം പച്ചക്കറി മാർക്കറ്റിലേയും മിഠായിതെരുവിലേയും കച്ചവടക്കാർ പറഞ്ഞു. തുടർച്ചയായ അവധിയുടെ ക്ഷീണം ഒഴിവാക്കാൻ അവധിദിവസമായ ഞായറാഴ്ച കടകൾ തുറക്കാനാണ് ഭൂരിഭാഗം വ്യാപാരികളുടെയും തീരുമാനം. വലിയങ്ങാടിയിൽ ഞായറാഴ്ച കട തുറക്കുമെന്ന് ഫുഡ്ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ. ശ്യാംസുന്ദർ അറിയിച്ചു. തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെയാണ് തീരുമാനം. കോഴിക്കോട് വലിയങ്ങാടി ഞായറാഴ്ച പ്രവർത്തിക്കുന്നത് അപൂർവമാണ്. വലിയങ്ങാടിയിൽ രണ്ട് ദിവസമായി ചരക്കിറക്ക് മുടങ്ങിക്കിടപ്പാണ്. വ്യാഴാഴ്ച മുതൽ ലോറികൾ ചരക്കുമായി കാത്തു കിടപ്പാണ്. ബംഗാൾ, ആന്ധ്ര തുടങ്ങി ദൂരദിക്കിൽനിന്നുപോലും വന്ന ലോറികൾ ഇതിലുണ്ട്. ഇൗ സാഹചര്യത്തിൽ അവധിദിവസമായ ഞായറാഴ്ച ചരക്കിറക്കാൻ തൊഴിലാളികളുമായി ധാരണയായതായി വ്യാപാരികൾ പറഞ്ഞു. കമ്മാലികളും അട്ടിമറിക്കാരുമടക്കം മുഴുവൻ തൊഴിലാളികളുമെത്തിയാൽ മുഴുവൻ ചരക്കും ഇറക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. പാളയം പച്ചക്കറി മാർക്കറ്റിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. രണ്ട് ദിവസംകൊണ്ട് പച്ചക്കറികൾ മിക്കതും ചീഞ്ഞ് ഉപയോഗശൂന്യമായി. ഗത്യന്തരമില്ലാതെ മാർക്കറ്റിൽ പതിവുപോലെ പുലർച്ച കടതുറക്കാൻ എത്തിയ വ്യാപാരികളെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. എങ്കിലും രാവിലെ പത്തോടെ മാർക്കറ്റിലെ ചില്ലറ വ്യാപാരിൾ കച്ചവടത്തിനിറങ്ങിയത് പാളയം മാർക്കറ്റിനെ സജീവമാക്കി. എങ്കിലും ചരക്കുവണ്ടികൾ ഒാടാത്തതിനാൽ വലിയ തോതിൽ വ്യാപാരം നടന്നില്ല. സാധാരണ ഹർത്താൽ ദിവസങ്ങളിൽ വിജനമാകുന്ന പാളയം മാർക്കറ്റിൽ പതിവിന് വിപരീതമായി കച്ചവടം നടന്നത് അത്യാവശ്യസാധനങ്ങൾ തേടിയിറങ്ങിയവർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.