കോഴിക്കോട്: ഈ വർഷത്തെ മൺസൂൺകാല ട്രോളിങ് നിരോധനം ജില്ലയിൽ ഫലപ്രദമായി നടപ്പാക്കാൻ കലക്ടറേറ്റിൽ എ.ഡി.എം ടി. ജനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന മത്സ്യത്തൊഴിലാളികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജൂൺ 14 അർധരാത്രി മുതൽ ജൂലൈ 31 വരെ 47 ദിവസം കേരളതീരത്ത് കരയിൽനിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽ അല്ലെങ്കിൽ 22 കിലോമീറ്റർ വരെ മൺസൂൺകാല ട്രോളിങ് നിരോധനം നടപ്പിലാക്കും. ട്രോളിങ്നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും സൗജന്യറേഷൻ അനുവദിക്കും. നിരോധനകാലയളവിൽ ബോട്ടുകൾ മത്സ്യബന്ധനം നടത്താൻ പാടില്ല. എന്നാൽ, മറ്റുവിഭാഗത്തിൽപെട്ട യാനങ്ങൾക്ക് ട്രോളിങ് ഒഴികെയുള്ള രീതികൾ അനുവർത്തിക്കാവുന്നതാണ്. രണ്ട് വള്ളങ്ങൾ ഉപയോഗിച്ച പെയർ ട്രോളിങ്ങും നിരോധിച്ചിട്ടുണ്ട്. എല്ലാ യാനങ്ങളിലും രജിസ്ട്രേഷൻ മാർക്ക് വേണം. ജില്ലയിൽ 857 യന്ത്രവത്കൃത മത്സ്യബന്ധനബോട്ടുകളും 240 ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 3669 ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 180 എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം ആകെ 4946 യാനങ്ങൾ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ അന്യ ജില്ലകളിൽനിന്ന് 600ഓളം ബോട്ടുകൾ തീരക്കടലിൽ പ്രവർത്തിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പ് കടൽപട്രോളിങ്ങിനും കടൽസുരക്ഷപ്രവർത്തനങ്ങൾക്കും േമയ് 15 മുതൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. ഫോൺ: ജില്ലാ കൺട്രോൾ റൂം-0495 2371002, ഫിഷറീസ് കൺട്രോൾ റൂം-0495 2414074. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകളും ചോമ്പാൽ കേന്ദ്രീകരിച്ച് ഒരു ഫൈബർ വള്ളവും പ്രവർത്തിക്കും. കടൽ പട്രോളിങ്ങിനും രക്ഷാദൗത്യങ്ങൾക്കുമായി ഫിഷറീസ്വകുപ്പ്, തുറമുഖവകുപ്പ്, നേവി, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ് എന്നിവ സഹകരിച്ച് പ്രവർത്തിക്കും. അന്യസംസ്ഥാനബോട്ടുകൾ ജൂൺ 14ന് മുമ്പേ കേരളതീരം വിട്ടുപോവേണ്ടതാണെന്നും പിന്നീട് ഇവയെ കടലിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നും മംഗലാപുരം, കന്യാകുമാരി ജില്ലാ കലക്ടർമാർക്ക് അറിയിപ്പ് നൽകും. യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, ഡെപ്യൂട്ടി കലക്ടർ (ഡി.എം) സി. ലില്ലി, ജില്ലാ സപ്ലൈ ഓഫിസർ കെ.വി. പ്രഭാകരൻ, സിറ്റി ഡി.സി.പി പി.ബി. രാജീവ്, ഉദ്യോഗസ്ഥ പ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ബോട്ടുടമകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.