മദ്യശാല: റിലേ സത്യഗ്രഹം 50 ദിവസം പിന്നിട്ടിട്ടും അധികൃതർക്ക്​ അനക്കമില്ല

100 മീറ്റർ ചുറ്റളവിൽ നാല് മദ്യശാലകൾ മദ്യശാല ദേശീയപാതയിൽ തന്നെയെന്ന് വിവരാവകാശ രേഖ രാമനാട്ടുകര: സുപ്രീംകോടതി ഉത്തരവ് പ്രകാരം മദ്യശാലകൾ 500 മീറ്റർ അകലംപാലിക്കണമെന്ന വിധി കാറ്റിൽപറത്തി രാമനാട്ടുകരയിൽ 100 മീറ്റർ ചുറ്റളവിൽ നാല് മദ്യശാല പ്രവർത്തിക്കുന്നതായി ജനകീയ മുന്നണി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാമനാട്ടുകരയിലെ വിദേശമദ്യ വിൽപനശാല പ്രവർത്തിക്കുന്നത് ദേശീയപാതയോരത്താണെന്നും ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയറുടെ കാര്യാലയത്തിൽനിന്നും ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കിയതായും ഭാരവാഹികൾ പറഞ്ഞു. മദ്യ വിൽപനശാലയിലേക്ക് വരുന്ന വാഹനങ്ങൾ നിർത്തിയിട്ട് അഞ്ചോളം പ്രദേശങ്ങളിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു. മദ്യപരുടെ നീണ്ട വരിയും കൂട്ടംകൂടി നിൽക്കലും പരസ്യ മദ്യപാനവും ഇടവഴികളിലും പോക്കറ്റു റോഡിലും ഉടുതുണിയില്ലാതെ കിടക്കുന്നതും അസഭ്യം പറയുന്നതും പൊറുതിമുട്ടിയിരിക്കുകയാണെന്ന് വാർത്ത സമ്മേളനത്തിനെത്തിയ വീട്ടമ്മമാരും പറയുന്നു. വിദ്യാർഥി, വിദ്യാർഥിനികളെ വഴി തടസ്സപ്പെടുത്തുന്നതും നിത്യസംഭവമാണെന്ന് ഇവർ പറഞ്ഞു. രാമനാട്ടുകര നഗരസഭയിലെ 20, 21, 22 ഡിവിഷനുകളിൽപ്പെട്ട എങ്ങലത്തുപാടം, മാന്ത്രമ്മൽ, മുട്ടുംകുന്ന്, കൃഷിഭവൻ റോഡ്, കാരിട്ടിപ്പാടം പ്രദേശത്തുകാർക്കാണ് രാമനാട്ടുകരയിലെ വിദേശമദ്യ വിൽപനശാല കൊണ്ട് ദുരിതം. ഇവിടം കേന്ദ്രീകരിച്ച് വിവിധ സാമൂഹികവിരുദ്ധ - മദ്യ-, മയക്കുമരുന്ന് മാഫിയസംഘം പ്രവർത്തിക്കുന്നതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ജനകീയ മുന്നണി നേതാക്കൾ പറഞ്ഞു. റോഡിലെ തിരക്കുകാരണം പ്രദേശത്ത് എട്ടോളം പേർ വിവിധ വാഹനാപകടങ്ങളിൽ മരണമടഞ്ഞതായും ഇവർ പറഞ്ഞു. കേരളത്തിലെ ദേശീയപാതകളുടെ പട്ടിക അനുസരിച്ചും രാമനാട്ടുകര - ചുങ്കം റോഡ് ദേശീയപാത തന്നെയെന്ന് വ്യക്തമായിട്ടും മദ്യവിൽപനശാല മാറ്റാൻ ഇനി എന്താണ് താമസ്സമെന്നും നേതാക്കൾ ചോദിക്കുന്നു. വാർത്ത സമ്മേളനത്തിൽ എം. ഷൈനി, പി.വി. ശ്രീജ, മോഹനൻ മാസ്റ്റർ, എം. ബിന്ദു, മോഹൻ ദാസ്, എം.കെ. ശ്രീജിത്ത്, എം. പാർവതി, എം. സന്തോഷ് കുമാർ, എം.കെ. ഷിജിത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.