കോഴിക്കോട്: നഗരത്തിലെ ഇറച്ചിക്കടകളിൽ ആരോഗ്യവിഭാഗത്തിെൻറ പരിശോധന കർശനമായി തുടരുന്നു. സൗത്ത് ബീച്ചിൽ ലോറി സ്റ്റാൻഡിനു സമീപം അനധികൃതമായി പ്രവർത്തിച്ചുവന്ന അറവുമാലിന്യ സൂക്ഷിപ്പുകേന്ദ്രത്തിെൻറ രണ്ട് ഷെഡുകൾ അധികൃതർ പൊളിച്ചുമാറ്റി. അറവുമാലിന്യം കടലിൽ തള്ളുന്നത് തീരത്ത് അടിഞ്ഞുകൂടിയതിനെ തുടർന്ന് ജില്ല ഭരണകൂടം നിബന്ധനകൾക്ക് വിധേയമല്ലാതെ പ്രവർത്തിക്കുന്ന അറവു ശാലകൾക്കെതിരെ നടപടി കർശനമാക്കിയിരുന്നു. ഇതിെൻറ ഭാഗമായാണ് നടപടി. സമീപത്തുള്ള മറ്റൊരു സ്റ്റാൾ, ഉടമ തന്നെ പൊളിച്ചുനീക്കാമെന്ന് ഉറപ്പുനൽകി. വൈകീട്ട് നാലിന് നടന്ന പരിശോധനക്ക് ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, അഡീ. തഹസിൽദാർ ഇ. അനിതകുമാരി, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. ഇതുകൂടാതെ ജില്ല കലക്ടറുടെ നിർദേശപ്രകാരം നഗരത്തിലെ ഇറച്ചി-ചിക്കൻ കടകളിലും പരിശോധന തുടരുകയാണ്. വെള്ളിയാഴ്ച വെള്ളയിൽ, മൂന്നാലിങ്കൽ, ഫ്രാൻസിസ് റോഡ്, കിണാശ്ശേരി എന്നിവിടങ്ങളിലെ ഒമ്പതു കടകളിലാണ് പരിശോധന നടത്തിയത്. കടകളിൽ അറവു നടത്തുന്നുണ്ടോ, മാലിന്യം എവിടെയാണ് തള്ളുന്നത്, ഡി ആൻഡ് ഒ ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇതിനിടയിൽ ഇടിയങ്ങരയിലെ ഇറച്ചിക്കടയിൽ പരിശോധന നടത്തുന്നതിനിടെ ചിലർ ചേർന്ന് പരിശോധന തടസ്സപ്പെടുത്തി. പ്രകോപനപരമായി സംസാരിച്ച ഇവരെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. പാലക്കാട് ഭാഗത്തേക്ക് കോഴിമാലിന്യം കൊണ്ടുപോവുകയായിരുന്ന ലോറി ആരോഗ്യവിഭാഗം അധികൃതർ പിടികൂടി പൊലീസിലേൽപിച്ചു. മതിയായ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഇവരെ വിട്ടയച്ചു. മൂന്നു ദിവസത്തിനുള്ളിൽ 300 ഇറച്ചിക്കടകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന ജില്ല കലക്ടറുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്. അടുത്തദിവസം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ആർ.ഡി.ഒ അനിതകുമാരി, ഡോ. ആർ.എസ്. ഗോപകുമാർ, വെറ്ററിനറി സർജൻ ഡോ. ലിനൂപ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജെ.എച്ച്.ഐമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.