കോഴിക്കോട്: നഗരസഭയുടെ 2017-18 വർഷത്തെ വാർഷിക പദ്ധതികൾക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിനടുത്ത് ഷി ലോഡ്ജ്, മാങ്കാവിൽ വനിത ഹോസ്റ്റൽ, തെരുവോരങ്ങളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കൽ, കോവൂരിൽ കമ്യൂണിറ്റി ഹാൾ, ചെറുവണ്ണൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പുതിയ കെട്ടിടം, ഗ്രോബാഗ് വിതരണം, പൊതുസ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന റെസിഡൻറ്സ് അസോസിയേഷനുകൾക്കും കുടുംബശ്രീ യൂനിറ്റുകൾക്കും വിത്ത്, വളം, കാർഷികയന്ത്രങ്ങൾ എന്നിവക്ക് സബ്സിഡി, നെൽകൃഷി പ്രോത്സാഹനം, ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ് തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. 669 പുതിയ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 177.75 കോടി രൂപയാണ് പദ്ധതി അടങ്കൽ. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ വിശദരേഖ മുഴുവൻ അംഗങ്ങൾക്കും മുൻകൂട്ടി നൽകാത്തതിനാൽ ഒാരോ ഡിവിഷനിലെയും പദ്ധതികൾ സംബന്ധിച്ച് കൗൺസിലർമാർക്ക് വ്യക്തത വരുത്താനായില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രേഖ പരിശോധിക്കാൻ കൂടുതൽസമയം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ മേയർ അരമണിക്കൂർ സമയം അനുവദിച്ചു. എന്നാൽ, വിട്ടുപോയ പദ്ധതികൾ കൂട്ടിച്ചേർക്കാൻ പിന്നീട് അവസരമുണ്ടാകുമെന്ന മേയറുടെ ഉറപ്പിൽ പദ്ധതികൾ െഎകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. സർവിസിൽനിന്ന് വിരമിക്കുന്ന സൂപ്രണ്ടിങ് എൻജിനീയർ എം. ശങ്കരൻകുട്ടിക്ക് കൗൺസിൽ യാത്രയയപ്പ് നൽകി. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.സി. രാജൻ, അനിത രാജൻ, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, ആശ ശശാങ്കൻ, എം. രാധാകൃഷ്ണൻ, കൗൺസിലർമാരായ സി. അബ്ദുറഹിമാൻ, അഡ്വ. പി.എം. നിയാസ്, ഉഷാദേവി, നമ്പിടി നാരായണൻ, സുധാമണി, പി. കിഷൻചന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.