മുക്കം: രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് സ്കൂളുകൾ വ്യാഴാഴ്ച തുറക്കും. പുതിയ വിദ്യാർഥികളെ വരവേൽക്കാൻ പ്രവേശനോത്സവങ്ങൾ വൈവിധ്യമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ പാഠപുസ്തക വിതരണം പൂർത്തിയായിരുന്നു. ആദ്യ ആഴ്ചയിൽതന്നെ യൂനിഫോം വിതരണവും പൂർത്തിയാവും.സർക്കാർ എൽ.പി സ്കൂളുകളിൽ ഇത്തവണ സർക്കാറിെൻറ കൈത്തറി യൂനിഫോമാണ് ലഭിക്കുക. ഇവ അതത് കേന്ദ്രങ്ങളിലെത്തിക്കഴിഞ്ഞു. മറ്റു സ്കൂളുകളിലെ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ഒരു ജോടി യൂനിഫോമിന് 400 രൂപ വീതം ലഭിക്കും. ഇത് ആറാം പ്രവൃത്തി ദിനത്തിന് മുന്നോടിയായി സ്കൂളുകളുടെ അക്കൗണ്ടിൽ എത്തും. പന്നിക്കോട് എ.യു പി സ്കൂളും ജി.എൽപി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തിൽ അക്ഷരമാതൃകയിൽ ജിലേബി നിർമിച്ച് അക്ഷര മധുരം നൽകിയാണ് വിദ്യാർത്ഥികളെ വരവേൽക്കുക. തുടർന്ന് ഓർമ തൈ വിതരണം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. കാർട്ടൂണിസ്റ്റ് രോഷ്ന ദിലീഫ് നേതൃത്വം നൽകുന്ന നവാഗതരുടെ തത്സമയ കാരിക്കേച്ചർ രചന, അക്ഷര കിരീടമണിയിക്കൽ എന്നിവയും നടക്കും. ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം, പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല എന്നിവർ പങ്കെടുക്കും. ജില്ലാതല പ്രവേശനോത്സവം ചെറുപ്പ മണക്കാട് സ്കൂളിൽ മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. കുന്ദമംഗലം ബി.ആർ.സി തല പ്രവേശനോത്സവം മണാശേരി ജി.യു.പി.സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് നിർവഹിക്കും.കൊടിയത്തൂർ പഞ്ചായത്ത്തല പ്രവേശനോത്സവം ചുള്ളിക്കാപറമ്പ് എൽ.പി.സ്കൂളിൽ സി.ടി.സി അബ്ദുല്ല നിർവഹിക്കും. മുക്കം നഗരസഭാതല പ്രവേശനോത്സവം വേനപാറ ലിറ്റിൽ ഫ്ലവർ യു.പി.യിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ. ചന്ദ്രൻ മാസ്റ്റർ നിർവഹിക്കും. കാരശേരി പഞ്ചായത്ത്തല പ്രവേശനോത്സവം എച്ച്.എൻ.സി.കെ.എം സ്കൂളിൽ പ്രസിഡൻറ് വി.കെ. വിനോദ് നിർവഹിക്കും. തിരുവമ്പാടി പഞ്ചായത്ത് തല പ്രവേശനോത്സവം പുന്നക്കൽ വിളക്കാംതോട് എം.എ.എം യു.പി യിൽ പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ നിർവഹിക്കും. പ്രവേശനോത്സവം വർണാഭവും ജനകീയവുമാക്കാനുള്ള തയാറെടുപ്പുകൾ കഴിഞ്ഞ ദിവസം മുതൽ തന്നെ പല സ്കൂളുകളിലും തുടങ്ങിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ തയാറാക്കിയതോടെ വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണവും ഇത്തവണ വർധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.