മെഡിക്കൽ കോളജ് ജനവാസ കേന്ദ്രത്തിൽ വെളിച്ചമില്ല; റോഡുകളേറെയും പൊട്ടിപ്പൊളിഞ്ഞ്

കോഴിക്കോട്: മെഡിക്കൽ കോളജിലെ ജീവനക്കാരുടെ താമസ പ്രദേശങ്ങളിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ല. കത്താത്ത തെരുവുവിളക്കുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമായി പലരും ദുരിതമനുഭവിക്കുകയാണ്. മെഡിക്കൽ കോളജ് സ്റ്റേഡിയത്തിനു സമീപമുള്ള എൽ.ഇ, എൽ.സി, ഡി ടൈപ് ക്വാർട്ടേഴ്സുകൾക്ക് സമീപവും ഇങ്ങോട്ടുള്ള വഴികളിലും തെരുവുവിളക്ക് തെളിയാത്തതിനാൽ ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ഈ ഭാഗങ്ങളിൽ മൂന്നുവർഷം മുമ്പ് സ്ഥാപിച്ച 60ഓളം വിളക്കുകളിൽ വിരലിലെണ്ണാവുന്നവയാണ് കത്തുന്നത്. വിളക്കിലെ ബൾബോ ട്യൂബോ മാറ്റിയിടേണ്ട പ്രവൃത്തിപോലും അനാവശ്യ കാലതാമസം വരുത്തുകയാണ്. ഓരോ തെരുവുവിളക്കും നേരെയാക്കാനാ‍യി 11,000 രൂപ വീതം അനുവദിക്കുന്നതിനായി പ്രപോസൽ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷവും ചുമതലയുള്ള പ്രിൻസിപ്പൽമാർക്കെല്ലാം പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല. കഴിഞ്ഞ മാസം പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് തെരുവുവിളക്ക് പ്രശ്നം ഒരാഴ്ചക്കകം പരിഹരിക്കാനാവശ്യപ്പെട്ടിരുന്നു. ഇതിനായി ഒരുലക്ഷം രൂപയും അനുവദിച്ചെങ്കിലും ഇതുവരെ ഒന്നുമായില്ല. കഴിഞ്ഞ മാസം ഇരുട്ടേറിയ ഈ പ്രദേശത്തുകൂടെ പുലർച്ചെ ഹോസ്റ്റൽ കാൻറീനിൽ ജോലിക്കെത്തിയ സ്ത്രീയെ ഒരാൾ കടന്നുപിടിക്കാൻ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. മെഡിക്കൽ കോളജ് ഓഫിസി​െൻറ കേന്ദ്രഭാഗത്തുള്ള ഹോസ്റ്റലുകളിലും താമസസ്ഥലങ്ങളിലും ആവശ്യത്തിലേറെ വെളിച്ചസൗകര്യം ഏർപ്പെടുത്തുകയും തങ്ങളുെട ഭാഗം അവഗണിക്കുകയും ചെയ്യുകയാണ് പൊതുമരാമത്ത് അധികൃതരെന്ന് റെസിഡൻറ്സ് അസോസിയേഷനുകാർ പരാതി പറയുന്നു. ഈ ഭാഗത്തേക്കുള്ള റോഡുകൾ പൊട്ടിപ്പൊളിഞ്ഞതു കാരണം ചിലപ്പോൾ വാഹനങ്ങൾ തകരാറിലാവാറുണ്ട്. ഓട്ടോറിക്ഷക്കാർ ഇങ്ങോട്ടു വരാൻ മടികാണിക്കുന്നതും പതിവാ‍ണ്. മൂന്നുവർഷം മുമ്പ് കാമ്പസിലെ റോഡുകൾ ടാർ ചെയ്യാനായി അഞ്ചുകോടി അനുവദിച്ചപ്പോഴും പ്രധാനപ്പെട്ട ഈ ജനവാസ കേന്ദ്രത്തെ അവഗണിക്കുകയായിരുന്നു. photo ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.