നേരം വെളുത്തപ്പോൾ ഹർത്താൽ: നട്ടംതിരിഞ്ഞ് നാട്ടുകാർ ഞായറാഴ്ച ഹർത്താലിൽ കല്യാണവീട്ടുകാർ വലഞ്ഞു വടകരയിൽ രാത്രിതന്നെ ലോറി ആക്രമിച്ചു 'മാധ്യമം' ലേഖകെൻറ കാമറ പിടിച്ചുവാങ്ങി ചിത്രങ്ങള്‍ നീക്കംചെയ്തു കോഴിക്കോട്: തിരുവനന്തപുരത്തെ ആക്രമണത്തിെൻറ പേരിൽ ശനിയാഴ്ച അർധരാത്രിയോടെ പ്രഖ്യാപിച്ച ഹർത്താൽ ജനങ്ങൾ ഭൂരിപക്ഷവും അറിയുന്നത് ഞായറാഴ്ച രാവിലെ മാത്രം. ഞായറാഴ്ച പ്രവർത്തിക്കാറുള്ള കടകൾ അടഞ്ഞു കിടന്നു. പൊതു വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അവധിദിവസം നേരത്തേ നിശ്ചയിച്ച കല്യാണത്തിനും മറ്റ് ആവശ്യങ്ങൾക്കും പുലർച്ചെ ഇറങ്ങിയവർ മിന്നൽ ഹർത്താലാണെന്നറിഞ്ഞ് ആശങ്കയിലായി. വാഹനങ്ങൾ കാര്യമായി തടയാത്തത് മാത്രമാണ് ആശ്വാസമായത്. നഗരത്തിലെ പല ഹാളിലും നടന്ന വിവാഹ സൽക്കാരങ്ങളും മറ്റും നിശ്ചയിച്ച ബന്ധുക്കൾ അനുഭവിച്ച മാനസികപീഡനം ചില്ലറയല്ല. മിക്ക കല്യാണവീടുകളിലും അതിഥികൾ കുറവായിരുന്നു. രാത്രി ദീർഘദൂര ബസുകളിലും ട്രെയിനുകളിലുമെത്തിയവർ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. കെ.എസ്.ആർ.ടിസി ബസുകൾ വളരെക്കുറച്ചേ ഒാടിയുള്ളൂ. എന്നാൽ, ഇരു ചക്രവാഹനങ്ങളടക്കം സ്വകാര്യവാഹനങ്ങൾ ഒാടി. ചുരുക്കം സ്ഥലത്ത് വാഹനങ്ങൾ തടഞ്ഞെങ്കിലും അൽപസമയത്തിനകം പോകാനനുവദിച്ചു. പച്ചക്കറി മാർക്കറ്റിലെ പെട്ടിക്കടകളും തെരുവിലെ സൺഡേ മാർക്കറ്റുകളും തുറന്നുപ്രവർത്തിച്ചു. ജില്ലയുടെ ഗ്രാമീണമേഖലയെയും ഹർത്താൽ സാരമായി ബാധിച്ചു. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിലും മിക്കയിടത്തും ജനജീവിതം താറുമാറായി. ഒറ്റപ്പെട്ടതൊഴിച്ചാൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നില്ല. വടകര മണിയൂരിൽ ഹർത്താൽ പ്രഖ്യാപിച്ച അർധരാത്രിയിൽ മീൻ കയറ്റിയ ലോറി തടഞ്ഞുനിർത്തി ഹർത്താലനുകൂലികൾ ആക്രമിച്ചു. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 12.30ഓടെയാണ് സംഭവം. താമരശ്ശേരി, ഉണ്ണികുളം എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും പൊലീസിെൻറ ഇടപെടലിനെത്തുടർന്ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഉണ്ണികുളം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. റോഡിനുകുറുകെ മരത്തടികള്‍ നിരത്തി മാർഗതടസ്സമുണ്ടാക്കാന്‍ ശ്രമിച്ചു. പൊലീസ് വാഹനം കണ്ടതോടെ സമരാനുകൂലികള്‍ ചിതറിയോടി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്ത് സ്വകാര്യവാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്നതിെൻറ പടമെടുത്ത 'മാധ്യമം' ലേഖകെൻറ കാമറ പിടിച്ചുവാങ്ങി ചിത്രങ്ങള്‍ നീക്കംചെയ്തു. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പടം പ്രസിദ്ധീകരിച്ചാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് പ്രവര്‍ത്തകന്‍ ഭീഷണി മുഴക്കി. ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ടതിനുശേഷമാണ് ഭീഷണി മുഴക്കിയവര്‍ ശാന്തരായത്. റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച മരത്തടികള്‍ ചില ഹര്‍ത്താല്‍ അനുകൂലികള്‍തന്നെ നീക്കം ചെയ്തു. വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പാട്ട് വെക്കരുതെന്ന് നിർദേശിച്ചാണ് യാത്ര തുടരാന്‍ അനുവദിച്ചത്. എസ്റ്റേറ്റുമുക്ക് രാജഗിരിയില്‍ ഹര്‍ത്താല്‍ അനുകൂലികളും കാര്‍യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.