ഗെയിൽ വാതക പൈപ്പ്​ലൈൻ: ഗുണമേന്മ കുറഞ്ഞവ സ്​ഥാപിക്കുന്നതിൽ ആശങ്കയോടെ നാട്ടുകാർ

ബാലുശ്ശേരി: ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കൽ തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിൽ. പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ ആനക്കുണ്ട്, തച്ചംപൊയിൽ, കണ്ണാടിപ്പൊയിൽ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപത്തുകൂടിയാണ് പൈപ്പ്ലൈൻ സ്ഥാപിക്കൽ പ്രവൃത്തി നടക്കുന്നത്. ജനവാസ കേന്ദ്രങ്ങളല്ലാത്ത വയൽ പ്രദേശങ്ങളിലൂടെ സ്ഥാപിക്കേണ്ട ഗുണം കുറഞ്ഞ പൈപ്പുകളാണ് ഇവിടെ സ്ഥാപിക്കുന്നതെന്ന് നാട്ടുകാർ ആരോപണമുയർത്തിയിട്ടുണ്ട്. ഒരു ന്യൂനതയുമില്ലാത്ത ഗുണമേന്മയുള്ള പൈപ്പുകളാണ് വാതക പൈപ്പ്ലൈനിനായി ഉപയോഗിക്കേണ്ടതെന്ന് നിഷ്കർഷിക്കുേമ്പാൾ ഗുണമേന്മ കുറഞ്ഞ തുരുമ്പുപിടിച്ച പൈപ്പുകളാണ് കിനാലൂരിലെ ഗെയിൽ സ്റ്റോറിൽ ഇറക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മിക്ക പൈപ്പുകളുടെയും ജോയൻറ് ഭാഗം തുരുമ്പുപിടിച്ച് ഇരുമ്പ് അടർന്ന നിലയിലാണ്. ചില പൈപ്പുകളുടെ പുറംഭാഗം ചതുങ്ങി തകർന്നിട്ടുമുണ്ട്. അമേരിക്കൻ സ്റ്റാൻഡേഡ് പ്രകാരമാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതെന്നാണ് ഗെയിൽ അധികൃതർ പറയുന്നത്. ഒാരോ എട്ടു കിലോമീറ്ററിലും വാൽവ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് പകരം 24 കിലോമീറ്ററിലാണ് സ്ഥാപിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനകീയ സമരസമിതി നേതാക്കൾ സമർപ്പിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഹൈകോടതി അഭിഭാഷക കമീഷൻ കിനാലൂർ തച്ചംപൊയിൽ പ്രദേശത്ത് എത്തി തെളിവെടുപ്പ് നടത്തിയതിനെ തുടർന്ന് പദ്ധതിപ്രദേശം ജനവാസ കേന്ദ്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിന് അനുസൃതമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഗെയിൽ അധികൃതരുടെ നീക്കം പ്രദേശവാസികളെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് ഹൈകോടതി കേസ് പരിഗണനക്ക് വെച്ചിട്ടുണ്ട്. ഇതിനുശേഷം ജനകീയ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.