അപ്രതീക്ഷിത ഹർത്താൽ ജനം വലഞ്ഞു; കായണ്ണയിൽ സംഘർഷം

പേരാമ്പ്ര: തിരുവനന്തപുരത്ത് ആർ.എസ്.എസ് നേതാവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഞായറാഴ്ച നടത്തിയ ഹർത്താലിനിടെ കായണ്ണയിൽ ബി.ജെ.പി -മുസ്ലിം ലീഗ് സംഘർഷം. ഞായറാഴ്ച രാവിലെ ചാലിൽ മുക്കിൽ വിദ്യാർഥിയുടെ ബൈക്ക് ഹർത്താൽ അനുകൂലികൾ തടഞ്ഞതാണ് വൈകീട്ട് സംഘർഷമുണ്ടാവാൻ കാരണം. ബൈക്ക് തടയുകയും വിദ്യാർഥിയെ കൈയേറ്റം ചെയ്യുകയും ചെയ്തതായി മുസ്ലിം ലീഗ് ആരോപിച്ചു. ഇത് ചോദ്യംചെയ്തതോടെയാണ് വൈകീട്ട് ലീഗ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നത്. പൊലീസെത്തി ഇരുവിഭാഗത്തേയും നിയന്ത്രിച്ചു. ശനിയാഴ്ച അർധരാത്രി പ്രഖ്യാപിച്ച ഹർത്താൽ പലരും അറിഞ്ഞിരുന്നില്ല. ദൂരെ സ്ഥലങ്ങളിൽ പോകാനുള്ളവരും ജോലിക്ക് പോകുന്നവരും വീട്ടിൽനിന്ന് ഇറങ്ങിയ ശേഷമാണ് ഹർത്താലിനെക്കുറിച്ച് അറിയുന്നത്. കൂടാതെ എൽ.ഡി ക്ലർക്ക് പരീക്ഷക്ക് പോയവരും ഹർത്താലോടെ ദുരിതത്തിലായി. പാലക്കാട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പരീക്ഷക്ക് പോയവരിൽ നല്ലൊരു ശതമാനവും തിരക്കും ദൂരവും കാരണം ഞായറാഴ്ച എത്താമെന്ന് കരുതി അവിടങ്ങളിൽ തങ്ങിയിരുന്നു. ഇവരെല്ലാമാണ് ഏറെ പ്രയാസമനുഭവിച്ചത്. പേരാമ്പ്രയിൽ ഹർത്താലനുകൂലികൾ രാവിലെ സ്വകാര്യ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പേരാമ്പ്രയിൽ ബി.ജെ.പി നേതൃത്വത്തിൽ പ്രകടനം നടത്തി. എൻ. ഹരിദാസ്, ടി.എ. സേതുമാധവൻ, പി.കെ. ഷാജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.