കാഴ്ചയില്ലാത്ത ജൗഹറിന് കൈമുതൽ തോൽപിക്കാനാവാത്ത ആത്മവിശ്വാസം

നാദാപുരം: അസാമാന്യ ആത്മധൈര്യത്തി​െൻറ പിൻബലത്തിൽ വിധിയെ തോൽപിക്കുകയാണ് മുതുവടത്തൂരിലെ എടക്കുടി ജൗഹർ (29). പൂർണമായും ഇരുട്ട് ബാധിച്ച കണ്ണുകളുടെ വൈകല്യത്തെ അകക്കണ്ണുകളുടെ സഹായത്താൽ മറികടക്കുകയാണ് ഇയാൾ. ശനിയാഴ്ച നടന്ന പി.എസ്.സി എൽ.ഡി ക്ലർക്ക് പരീക്ഷയെഴുതാൻ ജൗഹർ നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രത്തിൽ എത്തിയത് ആത്മവിശ്വാസം തുളുമ്പുന്ന ചെറുപുഞ്ചിരിയുമായാണ്. പരീക്ഷയെഴുതാൻ അധികൃതർ സഹായിയെ ഒരുക്കിയിരുന്നു. കാഴ്ച തീരെയില്ലാത്തതിനാൽ ചോദ്യങ്ങൾ വായിച്ചുകേൾപ്പിക്കാനും ജൗഹർ പറയുന്ന ഉത്തരങ്ങൾ മാർക്ക് ചെയ്യാനുമാണ് സഹായി. നന്നായി പരീക്ഷയെഴുതാൻ കഴിഞ്ഞതായി ജൗഹർ പറഞ്ഞു. സോഷ്യോളജിയിൽ പി.ജിയും സെറ്റും നെറ്റും യോഗ്യതയുണ്ട്. ജെ.ആർ.എഫ് നേടാനുള്ള തീവ്ര പരിശീലനത്തിലാണിപ്പോൾ. ഫാറൂഖ് കോളജിൽ നിന്നാണ് ഡിഗ്രിയെടുത്തത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് പി.ജിയും സ്വന്തമാക്കി. കോളജ് അധ്യാപകനാവാനാണ് മോഹം. ത​െൻറ വൈകല്യത്തിൽ നിസ്സഹായത പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഇയാൾ-. കാഴ്ചയില്ലെങ്കിലും തനിക്ക് മറ്റുപല കഴിവുകളും പടച്ചവൻ തന്നിട്ടുണ്ടല്ലോ എന്നതാണ് ജൗഹറി​െൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. പിറവിയിലേ േഗ്ലാക്കോമ ബാധിച്ച് കണ്ണി​െൻറ കാഴ്ച നഷ്ടപ്പെട്ടെങ്കിലും ശസ്ത്രക്രിയ വഴി തിരികെക്കിട്ടി. എന്നാൽ, 12-ാം വയസ്സിൽ വീണ്ടും കാഴ്ച എന്നന്നേക്കുമായി പോയി. ആർക്കും ബാധ്യതയായിമാറാതെ സ്വന്തം കാലിൽ നിൽക്കാനാണ് തൊഴിൽ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പം ബസിലാണ് യാത്ര. മൊബൈൽ ഫോണിൽ അനായാസം സുഹൃത്തുക്കളുടെ നമ്പർ എടുത്ത് വിളിക്കാൻ ജൗഹറി​െൻറ വിരൽത്തുമ്പ് മാത്രം മതി. പരേതനായ എടക്കുടി കുഞ്ഞമ്മദ് ഹാജിയുടെ മകനാണ്. ഒരു അനുജനും നാലു സഹോദരിമാരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.