എകരൂല്‍: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അളന്ന് കുറ്റിയടിച്ച ഭൂമിയുടെ പ്രമാണങ്ങള്‍ ഹാജരാക്കണമെന്ന ഗെയില്‍ അധികൃതരുടെ ആവശ്യം ഉണ്ണികുളത്തെ ശിവപുരം വില്ലേജിലെ സ്ഥലമുടമകള്‍ തള്ളി. യഥാര്‍ഥ സ്ഥലമുടമയുടെ പേരോ അളന്നെടുത്ത സ്ഥലത്തിെൻറ കൃത്യമായ വിവരമോ തങ്ങളെ കാണിക്കണമെന്ന സ്ഥലമുടമകളുടെ ആവശ്യത്തിനുമുമ്പില്‍ ഉദ്യോഗസ്ഥര്‍ പരുങ്ങി. അളന്നെടുത്ത ഭൂമിയുടെയും മുറിച്ചുമാറ്റേണ്ട മരങ്ങളുടെയും നഷ്ടപരിഹാരം നല്‍കുന്നതിനാണ് പ്രമാണങ്ങള്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒരു രേഖയും ഇല്ലാതെയായിരുന്നു ഉദ്യോഗസ്ഥര്‍ ശിവപുരം വില്ലേജ് ഓഫിസില്‍ എത്തിയത്. ആധാരവും നികുതിശീട്ടും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി വെള്ളിയാഴ്ച ഹാജരാകാനായിരുന്നു ഏതാനും സ്ഥലമുടമകള്‍ക്ക് കത്ത് ലഭിച്ചത്. ശിവപുരം വില്ലേജ് ഓഫിസറെപോലും അറിയിക്കാതെയായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. നേരേത്ത അറിയിപ്പ് ലഭിച്ച ഏതാനും സ്ഥലമുടമകള്‍ ഹാജരായിരുന്നെങ്കിലും പ്രമാണങ്ങള്‍ കൈമാറാന്‍ തയാറായില്ല. സാറ്റലൈറ്റ് സര്‍വേ പ്രകാരം കുറ്റിയിട്ട ഭൂമിയെക്കുറിച്ച രേഖകള്‍ കൈക്കലാക്കാനാണ് പ്രമാണങ്ങളുടെ കോപ്പി ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്ന് സംശയിക്കുന്നതായി സ്ഥലമുടമകള്‍ പറഞ്ഞു. വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ സ്ഥലം വിടുകയായിരുന്നു. കത്ത് ലഭിക്കാത്ത സ്ഥലമുടമകളും വില്ലേജ് ഓഫിസില്‍ എത്തിയിരുന്നു. പലര്‍ക്കും യഥാര്‍ഥ പേരിലല്ല കത്തുകള്‍ കിട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.