തിരുവള്ളൂർ: കാലവർഷം കനത്തതോടെ കുറ്റ്യാടി പുഴയുടെ വിവിധ ഭാഗങ്ങളിൽ തീരമിടിച്ചിൽ രൂക്ഷമായി. തിരുവള്ളൂർ, മണിയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് തീരം ഇടിയുന്നത് വ്യാപകമായത്. മാങ്ങാംമൂഴിയിൽ അരനൂറ്റാണ്ട് പഴക്കമുള്ള ബോട്ടുജെട്ടി പൂർണമായും തകർന്നു. ഒട്ടേറെ തെങ്ങും സ്ഥലവും പുഴയെടുത്തിട്ടുണ്ട്. മുമ്പ് പുഴവഴിയുണ്ടായിരുന്ന ബോട്ട് സർവിസ് പിന്നീട് നിലച്ചെങ്കിലും ഇതിെൻറ സ്മാരകമായി നിലനിന്ന ജെട്ടിയാണ് ഇപ്പോൾ തകർന്നത്. അനിയന്ത്രിതമായ മണൽവാരലാണ് പുഴയുടെ തീരം ഇടിയാൻ കാരണം. ഇപ്പോൾ അനധികൃതമായി രാപ്പകൽ ഭേദമില്ലാതെ മണൽക്കൊള്ള നടക്കുന്നുണ്ട്. പലയിടത്തും തീരം ഭിത്തി കെട്ടി സംരക്ഷിച്ചിട്ടില്ല. വടകര -മാഹി കനാൽ തുടങ്ങുന്ന മാങ്ങാംമൂഴിയിലും ഇതാണ് അവസ്ഥ. തീരമിടിച്ചിൽ വ്യാപകമായതോടെ പുഴയുടെ തീരത്ത് താമസിക്കുന്നവരിൽ ആശങ്ക ഉയർന്നിട്ടുണ്ട്. മാങ്ങാംമൂഴിയിൽ കനാലിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ തടയണയുണ്ട്. തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളുടെ അതിർത്തിയായ ഇവിടെ പാലവുമുണ്ട്. തീരമിടിയുന്നത് തുടർന്നാൽ ഇവക്ക് ഭീഷണിയാണ്. പുഴയുടെ തീരം കെട്ടിസംരക്ഷിക്കാൻ റിവർ മാനേജ്മെൻറ് കമ്മിറ്റിയാണ് ഫണ്ട് അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.