മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടൽ: കടലോരം സംഘർഷാവസ്ഥയിലേക്ക് കൊയിലാണ്ടി: മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്ന പ്രശ്നത്തെ തുടർന്ന് കടലോരം സംഘർഷത്തിലേക്ക് നീങ്ങുന്നു. മത്സ്യക്കുഞ്ഞുങ്ങളെ ഉൗറ്റിയെടുക്കുന്നവരും ഇതിനെ എതിർക്കുന്നവരും തമ്മിൽ നിത്യവും വാഗ്വാദം നടക്കുന്നു. ചെറിയ കണ്ണികളുള്ള വലകൾ ഉപയോഗിച്ചാണ് കുഞ്ഞു മീനുകളെ ഉൗറ്റിയെടുക്കുന്നത്. മത്തിക്കുഞ്ഞുങ്ങളെയാണ് പ്രധാനമായും ഇപ്രകാരം എടുക്കുന്നത്. 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും നടപടികളെടുക്കേണ്ടവർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നിയമം ലംഘിച്ചാൽ ആദ്യഘട്ടം 50,000 മുതൽ ഒരു ലക്ഷം വരെയാണ് പിഴ. തുടർന്നാൽ രണ്ടുലക്ഷം പിഴയും ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ. എന്നാൽ, ഇതൊന്നും നടപ്പാകാറില്ല. അതിനാൽ മീൻകുഞ്ഞുങ്ങളെ വേട്ടയാടൽ നിർബാധം തുടരുന്നു. ഒരു ബോക്സിൽ മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം 20,000 മുതൽ 25,000 വരെ വരും. ഇതിന് 5000 മുതൽ 6000 രൂപ വരെയാണ് ഇപ്പോഴത്തെ വില. എന്നാൽ, വലിയ മത്തി ബോക്സിൽ 1000 മുതൽ 1200 വരെയാണ് ഉണ്ടാവുക. 8000 രൂപ വില കിട്ടും. മാത്രമല്ല, മത്സ്യസമ്പത്തിന് വൻ കോട്ടമാണ് ചെറിയ മീനുകളെ പിടികൂടുന്നതിൽ സംഭവിക്കുന്നത്. സംസ്ഥാനത്തുനിന്നുള്ള മീൻ കയറ്റുമതിയിൽ വൻ കുറവാണ് സമീപകാലത്തുണ്ടായത്. ഇത് വിദേശനാണ്യ വരുമാനത്തെയും കാര്യമായി ബാധിക്കും. അടുത്തിടെ വിരിഞ്ഞിറങ്ങിയതാണ് മീൻകുഞ്ഞുങ്ങൾ. ഇവ രണ്ട്, മൂന്ന് നോട്ടിക്കൽ മൈലിനുള്ളിലാണ് ഉണ്ടാവുക. പലപ്പോഴും കരയോട് ചേർന്നും കാണും. അതിനാൽ വളരെ എളുപ്പത്തിൽ ഇവയെ പിടികൂടാനാകും. വലുതാകുേമ്പാൾ 10-20 നോട്ടിക്കൽ മൈലുകൾ അകലെയാണ് ഇവ ഉണ്ടാകുക. ഇപ്പോൾ പിടികൂടുേമ്പാൾ ഇന്ധനം ലാഭിക്കാൻ കഴിയും. മീനിന് വിലയുള്ള സമയവുമാണിത്. അതിനാലാണ് ഇവയെ പിടികൂടാൻ താൽപര്യം കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.