കോഴിക്കോട്: നഗരത്തിൽ തെരുവിൽ കഴിയുന്നവർക്ക് പാർപ്പിടമൊരുക്കാൻ പദ്ധതിയൊരുങ്ങുന്നു. കേന്ദ്ര പാർപ്പിട-ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിെൻറ കീഴിൽ ദേശീയ നഗര ഉപജീവന യജ്ഞ ഭാഗമായാണ് പദ്ധതി. ഇതിെൻറ പ്രധാന ഘടകമായ ഭവനരഹിതർക്കുള്ള പാർപ്പിട പദ്ധതി നടപ്പാക്കാൻ നഗരത്തിൽ വഴിയോരത്ത് കിടന്നുറങ്ങുന്നവരുടെ വിശദമായ വിവരശേഖരണം 26ന് തുടങ്ങും. ബുധനാഴ്ച രാത്രി 9.30ന് മൊഫ്യൂസിൽ സ്റ്റാൻഡിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ദേശീയ നഗര ഉപജീവന യജ്ഞം (എൻ.യു.എൽ.എം) പദ്ധതി ജീവനക്കാരും ഉൾക്കൊള്ളുന്ന എട്ടു ടീമുകളാണ് നഗരസഭ ഉൾക്കൊള്ളുന്ന 75 വാർഡുകളിൽ സർവേ നടത്തുക. രാത്രി പത്തു മുതൽ മൂന്നുവരെ നഗരത്തിലെ മുഴുവൻ പ്രദേശത്തും സർവേ നടത്തും. ഒരു ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ചുരുങ്ങിയത് 100 പേർക്ക് പാർപ്പിടം ഒരുക്കണമെന്നാണ് ചട്ടം. ഒരു ഷെൽട്ടറിൽ 50 മുതൽ 100 വരെ ആളുകൾക്ക് താമസിക്കാം. ആറു ലക്ഷത്തിലേറെ പേരുള്ള കോഴിക്കോട്ട് ആറു ഷെൽട്ടറുകൾ സ്ഥാപിക്കാനാവും. ശുചിത്വ സംവിധാനങ്ങൾ, വൈദ്യുതി, അടുക്കള, പൊതു വിശ്രമ വിഹാരം എന്നിവ ഷെൽട്ടറുകളിലുണ്ടാവും. വീടില്ലാത്തവർ ഒത്തുകൂടുന്നയിടത്തിന് സമീപത്തു തന്നെയാവും പാർപ്പിടങ്ങൾ. സംസ്ഥാനത്ത് നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ മുഖേന കേരളത്തിൽ 93 പട്ടണങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.