കയറ്റം വില്ലനായി; മാലിന്യലോറി പിന്നോട്ടുരുണ്ട്​ മതിൽ തകർത്തു, ഡ്രൈവറടക്കം മൂന്നുപേർ പിടിയിൽ

മാവൂർ: പട്ടാമ്പിയിൽനിന്ന് മാവൂരിൽ തള്ളാൻ മാലിന്യവുമായി വന്ന പിക്കപ് ലോറി കയറ്റം കറാനാവാത്തതിനെതുടർന്ന് പിന്നോട്ടുരുണ്ട് മതിൽ തകർത്തതോടെ നാട്ടുകാരുടെ പിടിയിലാവുകയും അവർ ഉടൻ പൊലീസിൽ ഏൽപിക്കുകയും ചെയ്തു. തിങ്കളാഴ്‌ച രാത്രി 8.30ഓടെ പള്ളിയോൾ ചിറക്കൽ താഴം -വാവാട്ടുപാറ റോഡിലാണ് കയറ്റം കയറാനാവാതെ പിക്കപ് ലോറി കുടുങ്ങിയത്. വാഹനം നിയന്ത്രണംവിട്ട് പിന്നോട്ടോടി കുണ്ട്യാടൻ പറമ്പത്ത് രാഘവ​െൻറ വീട്ടുമതിൽ തകർത്തതോടെയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ. ഉസ്മാൻ, അംഗം കെ. അനൂപ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് വാഹനവും ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി മുഹമ്മദ്അലി, കോയമ്പത്തൂർ സ്വദേശികളായ റഫീഖ്, ഷറഫുദ്ദീൻ എന്നിവരെയും മാവൂർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇത്ര ദൂരത്തേക്ക് മാലിന്യം കൊണ്ടുവന്നതിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് നിറച്ച ചാക്കുകൾ ചൊവ്വാഴ്ച ഉച്ചക്ക് പൊലീസ് തുറന്നു പരിശോധിച്ചപ്പോൾ ആക്രി കടയിൽനിന്നുള്ള മാലിന്യമാണ് വണ്ടിയിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. എസ്.ഐ പി. ഉല്ലാസ്നഥ്, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പട്ടാമ്പിയിൽനിന്ന് മാലിന്യം നീക്കാൻ കരാറെടുത്ത റഫീഖി​െൻറ ബന്ധു മാവൂരിലുണ്ട്. ഈ ബന്ധമാണ് ഇത് മാവൂരിലേക്ക് കൊണ്ടുവരാൻ കാരണമെന്ന് കരുതുന്നു. മാവൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.