കാലിക്കറ്റിൽ അഞ്ച് പഠനകേന്ദ്രങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ അഞ്ച് പഠനകേന്ദ്രങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കാന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീർ ഇക്കാര്യം സെനറ്റ് യോഗത്തെ അറിയിച്ചു. സർവകലാശാല നടത്തുന്ന അഞ്ച് സ്വാശ്രയ പി.ജി പഠനവിഭാഗങ്ങളെ എയ്ഡഡ് മേഖലയിലേക്ക് മാറ്റാൻ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ സെനറ്റില്‍ വ്യക്തമാക്കി. സയന്‍സ് ഫാക്കല്‍റ്റിക്ക് കീഴില്‍ ഫോറന്‍സിക് സയന്‍സ്, ഹ്യൂമാനിറ്റീസ് ഫാക്കല്‍റ്റിക്ക് കീഴില്‍ ക്രിമിനോളജി, ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റിക്ക് കീഴില്‍ കോസ്മറ്റോളജി എന്നീ പുതിയ കോഴ്‌സുകള്‍ തുടങ്ങാൻ പഠനബോര്‍ഡുകള്‍ രൂപവത്കരിച്ചതായി സിന്‍ഡിക്കേറ്റംഗം ഡോ. കെ. ഫാത്തിമത്ത് സുഹ്‌റ അറിയിച്ചു. നവീന കോഴ്‌സുകള്‍ റഗുലര്‍ രീതിയില്‍ തന്നെ ആരംഭിക്കണമെന്നാണ് സര്‍വകലാശാലയുടെ നിലപാടെന്നും അംഗങ്ങള്‍ വ്യക്തമാക്കി. എന്‍.എസ്.എസ് യൂനിറ്റുകള്‍ക്ക് ലഭിക്കാനുള്ള റഗുലര്‍ പ്രോഗ്രാമുകളുടെയും പ്രത്യേക ക്യാമ്പുകളുടെയും ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് അദാലത്ത് നടത്തുമെന്ന് വി.സി. ഡോ. കെ. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. വിവിധ ചെയറുകൾ സംബന്ധിച്ച നിയമാവലി സ്റ്റാറ്റ്യൂട്ടില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി നിയമങ്ങളും ചട്ടങ്ങളും തയാറാക്കാന്‍ നിയമിച്ച സമിതി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി സ്വാഗതസംഘം രൂപവത്കരിച്ചത് സെനറ്റംഗങ്ങളെ അറിയിച്ചില്ലെന്ന് യോഗത്തില്‍ അംഗങ്ങള്‍ പരാതിപ്പെട്ടു. സ്ഥലം എം.എൽ.എയായ തന്നെയും വിവരം അറിയിച്ചില്ലെന്ന് പി. അബ്ദുല്‍ഹമീദ് പറഞ്ഞു. എന്നാൽ വി.സി നിഷേധിച്ചു. സെനറ്റംഗങ്ങളെ അറിയിക്കുന്നതിലും ഉള്‍പ്പെടുത്തുന്നതിലും വീഴ്ചയുണ്ടായത് ഒടുവില്‍ അംഗീകരിച്ച വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും പ്രശ്‌നം പരിഹരിക്കുമെന്നും വ്യക്തമാക്കി. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ സര്‍വകലാശാലയുടെ വികസനത്തിനായി സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് എം.എൽ.എമാരുടെ ഭാഗത്തു നിന്ന് പൂര്‍ണ പിന്തുണ എ. പ്രദീപ്കുമാര്‍ എം.എൽ.എ ഉറപ്പ് നല്‍കി. മെഡിക്കല്‍ കൗണ്‍സിലിലേക്കുള്ള സെനറ്റ് പ്രതിനിധിയായി എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഡോ. എന്‍.എം. മുജീബ് റഹ്മാനെയും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്ക് അഡ്വ. എം. രാജനെയും യോഗം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഏഷ്യന്‍ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ സെനറ്റംഗം കൂടിയായ പി.യു. ചിത്രയെ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.