കടംകൊണ്ട ബോട്ടിൽ നിസ്തുലും നിധിനും ഇന്ത്യക്കുവേണ്ടി പുഴയിലിറങ്ങി

പേരാമ്പ്ര: ചിട്ടയായ പരിശീലനമോ സ്വന്തമായി ബോട്ടോ മറ്റു സൗകര്യങ്ങളോ ഒന്നും ഇല്ലെങ്കിലും നിസ്തുലും നിധിൻദാസും ലോകത്തെ മികച്ച താരങ്ങൾക്കൊപ്പം വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരത്തിൽ പങ്കെടുത്ത് ചരിത്രം കുറിച്ചിരിക്കുകയാണ്. കേരളത്തിൽനിന്ന് ആദ്യമായിട്ടാണ് ഈ ഇനത്തിൽ പ്രാതിനിധ്യമുണ്ടാകുന്നത്. കോടഞ്ചേരി ഉദയനഗർ പുളിയൻപറമ്പിൽ ജോസൂട്ടി-ബീന ദമ്പതികളുടെ മകനാണ് നിസ്തുൽ (23). മലബാർ കയാക്കിങ് അക്കാദമിയുടെ പരിശീലകൻകൂടിയായ ഇദ്ദേഹം കർണാടകയിലെ കാളിയിൽ നടന്ന ബോർട്ടർ ക്രോസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ, കോടഞ്ചേരി ഗവ. കോളജിൽ പഠിക്കുമ്പോൾ ഇൻറർ യൂനിവേഴ്സിറ്റി തലത്തിൽ നീന്തലിൽ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൊയ്തിരുന്നു. എക്സ് വൈ ബോ ത്രി ഐ.ടി സൊലൂഷൻ കമ്പനിയിലെ ജീവനക്കാരനാണ്. പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന നിധിൻദാസ് (18) കാളിയിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റിലേ ടീമിലെ അംഗമായിരുന്നു. മലബാർ സ്പോർട്സ് അക്കാദമിയിലാണ് ഈ മിടുക്കൻ പരിശീലിക്കുന്നത്. പുല്ലൂരാംപാറ വടക്കുംപുറം മാർട്ടിൻ-മിനി ദമ്പതികളുടെ മകനാണ്. സ്കൂൾ കായികമത്സരങ്ങളിൽ നേട്ടംകൊയ്ത നിധിൻ ഇന്നും നാളെയും പുലിക്കയത്ത് നടക്കുന്ന വിവിധ മത്സരങ്ങളിൽ നിസ്തുലിനൊപ്പം പങ്കെടുക്കുന്നുണ്ട്. കയാക്കിങ്ങിന് പറ്റിയ പുഴ കേരളത്തിൽ നിരവധി ഉണ്ടെങ്കിലും അത് പരിശീലിപ്പിക്കാനും ബോട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇപ്പോൾ പരിശീലനം നടത്തുന്ന ബോട്ട് കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻ കൊടുത്തതാണെന്നും ഇവർ പറയുന്നു. പരിശീലനത്തിന് ഇവിടെ എത്തുന്ന വിദേശികളുടെ ഗൈഡായി നിന്നാണ് ഇവരും അത്യാവശ്യം പരിശീലനം നേടുന്നത്. പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കിയാൽ നിസ്തുലിനെയും നിധിനെയും പോലുള്ള നിരവധി താരങ്ങളെ വാർത്തെടുക്കാൻ പറ്റുമെന്ന് മലബാർ കയാക്കിങ് അക്കാദമി ചെയർമാൻ വി.ഡി. ജോസഫ് പറയുന്നു. Photo: KPBA : 54 പെരുവണ്ണാമൂഴി മീൻതുള്ളിപ്പാറയിൽ കയാക്കിങ്ങിനെത്തിയ നിസ്തുലും നിധിനും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.